ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ ഇരട്ടിയാകുന്നതി​​​​​െന്‍റ തോത് കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 7.5 ദിവസം കൂടുമ്ബോഴാണ് ഇപ്പോള്‍ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്ബ് ഇത് 3.5 ദിവസങ്ങളായിരുന്നു.

മാര്‍ച്ച്‌ 24 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും മേയ് മൂന്ന് വരെ നീട്ടിയതും ഫലപ്രദമായെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി (8.5), കര്‍ണാടക (9.2), തെലങ്കാന (9.4), ആന്ധ്രാപ്രദേശ് (10.6), ജമ്മു -കശ്മീര്‍ (11.5), പഞ്ചാബ് (13.1), ഛത്തീസ്ഗഡ് (13.3), തമിഴ്നാട് (14), ബീഹാര്‍ (16.4) എന്നിവിടങ്ങളില്‍ കേസുകള്‍ ഇരട്ടിയാകുന്ന നിരക്ക് 20 ദിവസത്തിനുള്ളിലാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ (20.1), ഹരിയാന (21), ഹിമാചല്‍ പ്രദേശ് (24.5), ചണ്ഡിഗഡ് (25.4), അസം (25.8), ഉത്തരാഖണ്ഡ് (26.6), ലഡാക്ക് (26.6) എന്നിവിടങ്ങളില്‍ നിരക്ക് 20- 30 ദിവസത്തിന് ഇടയിലാണെന്നും അഗര്‍വാള്‍ പറഞ്ഞു.

ഒഡീഷയില്‍ ഇത് 39.8 ദിവസമാണ്. കേരളമാണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കേരളത്തില്‍ 72.2 ദിവസം കൂടുമ്ബോഴാണ് രോഗം ഇരിട്ടിക്കുന്നത്.

നേരത്തെ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗോവയില്‍ എല്ലാവരും സുഖം പ്രാപിച്ചു. പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 59 ജില്ലകളില്‍ പുതിയ കേസുകളില്ല. മാഹി (പുതുച്ചേരി), കുടക് ( കര്‍ണാടക), പൗരി ഗര്‍വാള്‍ (ഉത്തര്‍പ്രദേശ്) എന്നീ ജില്ലകളില്‍ 28 ദിവസത്തിനിടയില്‍ പുതിയ കേസുകളില്ലെന്നും അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1540 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളടെ എണ്ണം 17265 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 36 പേരാണ്. ആകെ മരണം 543.