തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 പേര്‍ ഇന്ന് രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് കേസുകളും കണ്ണൂര്‍ ജില്ലയിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗമുക്തരായ 21 പേരില്‍ 19 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. രണ്ടു പേര്‍ ആലപ്പുഴ ജില്ലക്കാരുമാണ്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 408 പേര്‍ക്കാണ്. ഇതില്‍ 114 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ആകെ 46,323 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 62 പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19,756 സാമ്ബിളുകളാണ് ഇതുവരെ കോവിഡ് പരിശോധനക്കയച്ചത്.

കുറഞ്ഞ മരണ നിരക്കും കൂടുതല്‍ രോഗമുക്തരും കേരളത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മേയ് മൂന്ന് വരെ എല്ലാ ദിവസവും
മേയ് മൂന്ന് വരെ എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താ സമ്മേളനം ഉപയോഗിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്​ നിയന്ത്രണമായതിനെ തുടര്‍ന്ന്​ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കാണൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കെ.എം ഷാജിയുമായി ബന്ധപ്പെട്ടും സ്​പ്രിംഗ്​ളര്‍ കരാറുമായി ബന്ധപ്പെട്ടും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതാണ്​ വാര്‍ത്താ സമ്മേളനം നിര്‍ത്താന്‍ കാരണമെന്ന് പ്രചാരണമുണ്ടായി. ഇതിനുപിന്നാലെയാമ് മേയ് മൂന്ന് വരെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന തീരുമാനം വന്നിരിക്കുന്നത്.