• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: അമേരിക്കയെ പ്രതിരോധത്തിലാഴ്ത്തി കോവിഡ് മുന്നേറ്റം തുടരുന്നു. ഇതുവരെ രാജ്യത്ത് 40565 പേര്‍ക്ക് ജീവഹാനി സംഭവിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും കൊറോണ ബാധിതരെ കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലെയും നേഴ്‌സിങ് ഹോമുകളിലാണ് മരണം താണ്ഡവമാടിയത്. 13566 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇതില്‍ പതിനായിരത്തിനു മുകളില്‍ ആളുകള്‍ വെന്റിലേറ്ററാണെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ യുഎസ് സേനയുടെ മെഡിക്കല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ നേവിയുടെ കപ്പലും ആശുപത്രി പ്രവര്‍ത്തനവുമായി സജീവമായി രംഗത്തുണ്ട്. ഫീല്‍ഡ് ആശുപത്രികള്‍, പോപ്പപ്പ് ആശുപത്രികള്‍ എന്നിവ കൂടി പൂര്‍ണതോതില്‍ സജ്ജമായതോടെ രോഗബാധിതരുടെ ചികിത്സ കൂടുതല്‍ ഫലപ്രദമാകുന്നതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ കൂടുതല്‍ പേര്‍ രോഗം ഭേദമായി മടങ്ങുന്നുവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കമ്യൂ വ്യക്തമാക്കി. അതേസമയം, ന്യൂജേഴ്‌സിയെ സംബന്ധിച്ചിടത്തോളം മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തയില്ലെങ്കിലും മരണനിരക്കുകളില്‍ കുറവു കാണുന്നില്ല. നേഴ്‌സിങ് ഹോമുകളില്‍ നിന്നുള്ള മരണങ്ങള്‍ കൊറോണയുമായി ബന്ധപ്പെട്ടുള്ളതാണോയെന്നു പോലും നിലവില്‍ വ്യക്തമല്ല. ഇവിടെ ഫ്യൂണറല്‍ ഹോമുകളുടെ ആധിക്യവും ആരോഗ്യപ്രവര്‍ത്തകരുടെ കുറവും പ്രവര്‍ത്തനങ്ങളുടെ വേഗം കുറയ്ക്കുന്നതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറയുന്നു.

രാജ്യത്താകെ ഇതുവരെ 764265 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ വെറും പത്തു ശതമാനത്തിനു മാത്രമാണ് രോഗം ഭേദമായിട്ടുള്ളത്. അതായത്, 71012 പേര്‍ക്കു മാത്രം. എന്നിട്ടും രാജ്യത്തെ സുരക്ഷിത്വത്തിനു യാതൊരു വിലയും കൊടുക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നു പറയുന്നതിനെയാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, മിനസോട്ട, വെര്‍മോണ്ട്, വാഷിങ്ടണ്‍, മേരിലാന്‍ഡ്, ഇല്ലിനോയിസ്, കാലിഫോര്‍ണിയ, കണക്ടിക്കറ്റ്, ഡെലവേര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത്.
450 ബില്യണിന്റെ സാമ്പത്തിക പാക്കേജ് ചെറുകിട ബിസിനസ്സുകള്‍ക്കു നല്‍കി വീണ്ടും വിപണിയെ സജീവമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം അനുമതി നല്‍കുന്നു. ഇതില്‍ ചെറിയൊരു വിഹിതം ആരോഗ്യമേഖലയിലേക്കും വകതിരിച്ചു വിട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീക്കും മുന്‍പ് രാജ്യത്തെ മുഴുവന്‍ പേരെയും കൊറോണ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ രോഗലക്ഷണമുള്ളവരെ പോലും പരിശോധന നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് സ്റ്റേ അറ്റ് ഹോം ഇളവുകള്‍ നല്‍കിയാല്‍ അത് തികച്ചും ആത്മഹത്യാപരമായിരിക്കുമെന്നാണ് ന്യൂയോര്‍ക്ക് ഗവണര്‍ണര്‍ ക്യൂമോ പറയുന്നത്.

വൈറസ് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ ദുരിതത്തിലായ ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്ന വായ്പയ്ക്കുള്ള ഫണ്ട് ഉടന്‍ പ്രാബല്യത്തില്‍ വരും. 450 ബില്യണ്‍ ഡോളറിന്റെ ഈ ഫണ്ടില്‍ നിന്നും ആശുപത്രികള്‍ക്കും പരിശോധനാ സെന്ററുകള്‍ക്കുമുള്ളത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനെ ന്യായീകരിക്കുന്നതിനാണ് ഈ ഫണ്ട് എന്നു ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു. പര്യാപ്തമായ അളവിലുള്ള പരിശോധനകളും സ്വയം പരിശോധനകളുടെ കുറവും രാജ്യം നേരിടുമ്പോള്‍ കൂടുതല്‍ ഫണ്ട് അവിടേക്കാണ് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം. നിയന്ത്രണങ്ങള്‍ മാറ്റുന്നതിനോട് അനുബന്ധിച്ചാണ് ഈ ഫണ്ട് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍, രാജ്യത്തുടനീളമുള്ള ഗവര്‍ണര്‍മാര്‍ ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു.

ടെസ്റ്റുകളുടെ കുറവുകളാണ് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തടസ്സമെന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ പറഞ്ഞിരുന്നു. ടെസ്റ്റിങ് സെന്ററുകള്‍ പര്യാപ്തമാണെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ ഗവര്‍ണര്‍മാര്‍ വിമര്‍ശിച്ചു. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്സ്’ല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു, ‘അമേരിക്കയിലെ ഏത് സംസ്ഥാനത്തിനും ഇന്ന് രാജ്യത്തുടനീളം പരിശോധനയ്ക്ക് പര്യാപ്തമായ ശേഷിയുണ്ട്’.

മിഷിഗണില്‍, ഡെമോക്രാറ്റ് കൂടിയായ ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മര്‍ പറഞ്ഞു, ‘ഞങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളുടെ ശേഷി വളരെക്കുറവാണ്. അക്കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ സഹായിച്ചാല്‍ ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങളുടെ എണ്ണം ഇരട്ടിയോ മൂന്നിരട്ടിയോ ചെയ്യാന്‍ സംസ്ഥാനത്തിന് കഴിയും.’ റിപ്പബ്ലിക്കന്‍കാരനായ മേരിലാന്‍ഡിലെ ഗവര്‍ണര്‍ ലാറി ഹൊഗാന്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അതിനു കരുത്തു കുറവാണ്.

കോവിഡ് ട്രാക്കിംഗ് പ്രോജക്റ്റ് അനുസരിച്ച് നിലവില്‍ ഓരോ ദിവസവും 150,000 ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ രാജ്യത്ത് നടത്തുന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്, രാജ്യത്തിന്റെ പരീക്ഷണ വേഗത കുറഞ്ഞത് മൂന്നിരട്ടിയെങ്കിലും വേണമെന്ന് ഹാര്‍വാഡിലെ ഗവേഷകര്‍ കഴിഞ്ഞ ആഴ്ച കണക്കാക്കിയിരുന്നു.