ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 543 ആയി ഉയര്‍ന്നു. ഇതുവരെ 17,265 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1553 പേര്‍ക്കാണ്​ പുതുതായി വൈറസ്​ ബാധ കണ്ടെത്തിയത്​. 14,175 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ടെന്നും 2547 രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 5000ത്തിന്​ അടുത്തെത്തി. ഇവിടെ 4203 പേരാണ്​ ചികിത്സയിലുള്ളത്​. ആരോഗ്യവകുപ്പി​​െന്‍റ കണക്കുകള്‍ പ്രകാരം 223 കോവിഡ്​ മരണമാണ്​ മഹാരാഷ്​ട്രയില്‍ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. 507 പേര്‍ രോഗമുക്തി നേടി. ഞായറാഴ്​ച മാത്രം 552 കോവിഡ്​ കേസുകളാണ്​ ഇവിടെ റിപ്പോര്‍ട്ട്​ ചെയ്​തത്​.

മഹാരാഷ്​ട്രക്ക്​ പിന്നാലെ കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത് ഡല്‍ഹിയിലാണ്​. 2003 പേരാണ്​ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 45 ആയി ഉയര്‍ന്നു.