ന്യൂഡല്‍ഹി: കോവിഡ്​ വൈസ്​ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ തലസ്ഥാന നഗരത്തിലെ 79 ഹോട്ട്​സ്​പോട്ടുകളില്‍ വന്‍ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ച്‌​ ഡല്‍ഹി സര്‍ക്കാര്‍. മൊബൈല്‍ ലാബുകള്‍ തയാറാക്കി ഹോട്ട്​സ്​പോട്ടുകളിലെത്തി​ ദ്രുത പരിശോധന നടത്താനാണ്​ തീരുമാനം. ഇതിനായി തടവുകാരെ മാറ്റുന്നതിനുള്ള പൊലീസ്​ വാനുകള്‍ മൊബൈല്‍ ലാബാക്കി മാറ്റാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിട്ടു.

ഡല്‍ഹി പൊലീസി​​െന്‍റ 25 വാനുകളാണ്​ മൊബൈല്‍ ലാബുകളാക്കി മാറ്റുക. അടുത്ത 3-4 ദിവസത്തിനുള്ളില്‍ നഗരത്തിലെ കോവിഡ്​ അതിവ്യാപന മേഖലകളില്‍ 40,000 ത്തോളം ദ്രുത പരിശോധനകള്‍ നടത്താനാണ്​ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്​. പൊലീസ്​ സുരക്ഷയോടെയാണ്​ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിക്കുക.

രോഗലക്ഷണങ്ങളില്ലാത്ത 186 പേര്‍ക്ക്​ ശനിയാഴ്ച കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ ദ്രുത പരിശോധന നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി​​െന്‍റ നേതൃത്വത്തില്‍ തീരുമാനമെടുത്തത്​. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ്​ പോസിറ്റീവായ ആളുകളില്‍ നിന്നും അറിയാതെ മറ്റുള്ളവരിലേക്ക്​ രോഗം പടരുന്നുണ്ടോയെന്ന സംശയവും വിപുലമായ പരിശോധന എന്ന ആവശ്യം ഉയര്‍ത്തി.

ഡല്‍ഹിയിലെ 11 റവന്യൂ ജില്ലകളും വൈറസ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ദേശീയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളിലൊന്നും ഡല്‍ഹി സര്‍ക്കാര്‍ ഇളവു വരുത്തിയിട്ടില്ല. ഏപ്രില്‍ 27 ന് സര്‍ക്കാര്‍ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യും.

2003 പേരാണ്​ ഡല്‍ഹിയില്‍ കോവിഡ്​ ചികിത്സയിലുള്ളത്​. ഞായറാഴ്​ച പുറത്തുവന്ന 736 പരിശോധനാഫലങ്ങളില്‍ 186 എണ്ണം കോവിഡ്​ പോസിറ്റീവായിരുന്നു. വൈറസ്​ ബാധ മൂലം ഡല്‍ഹിയില്‍ ഇതുവരെ 46 പേര്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​.