ലോക്ക് ഡൗണില്‍ ഇളവുകളില്‍ തിരുത്ത് വരുത്തുന്ന കേരളത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇളവുകള്‍ തിരുത്തുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സര്‍ക്കാര്‍ ഇടപെടേണ്ടതിനെ കുറിച്ചും വി മുരളീധരന്‍ ഫേസ്ബുക്കിലുടെ പ്രതികരിച്ചു.

”ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തുവരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം, റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍ എന്നിവ പിന്‍വലിക്കുമെന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങള്‍. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തില്‍ പെടുത്തുമെന്നോര്‍ക്കുക. അവസരോചിത ഇടപെടലുകളാണ് സര്‍ക്കാരുകള്‍ നടത്തേണ്ടത്. തെറ്റുതിരുത്താന്‍ തയാറായതില്‍ സന്തോഷം”എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ നേരത്തെ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്രമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കേന്ദ്രം നല്‍കിയ മുന്നറിയിപ്പിന് ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കേരളം തിരുത്തുകയായിരുന്നു.