കോഴിക്കോട്: സി.പി.എം പ്രാദേശിക നേതാവിന്റെ മരുമകനടക്കമുളള നാലംഗ സംഘം ഹൈദരാബാദില്‍ നിന്ന് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചെത്തിയതായി ആരോപിച്ച്‌ യു.ഡി.എഫിന്റെ പ്രതിഷേധം. കോഴിക്കോട് കാരശേരിയിലാണ് സംഭവം. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ ഇവര്‍ നാട്ടിലെത്തിയെന്നാണ് പരാതി.

ഈ മാസം 13നാണ് നേതാവിന്റെ മരുമകനും സുഹൃത്തുക്കളായ മൂന്നു പേരും ഹൈദരാബാദില്‍ നിന്ന് നാട്ടിലെത്തിയത്. ഹൈദരാബാദിലെ പൊലീസ് ഉന്നതന്റെ സഹായത്തോടെ സംഘടിപ്പിച്ച പാസ് ഉപയോഗിച്ച്‌ കര്‍ണാടകയില്‍ എത്തിയ ഇവര്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ചു.എന്നാല്‍ പിന്നീട് സ്വാധീനമുപയോഗിച്ച്‌ കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടാണ് ഇവര്‍ നാട്ടിലെത്തിയതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

നേതാവിന്റെ മരുമകനൊപ്പം കണ്ണൂരില്‍ നിന്നുളള ദമ്ബതികളും കോഴിക്കോട് സ്വദേശിയായ മറ്റൊരാളുമുണ്ടായിരുന്നു. ഈ നാലു പേര്‍ക്കും നിരീക്ഷണത്തില്‍ കഴിയാനായി ഒരു വീട് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ദമ്ബതികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കംമുണ്ടാവുകയും യു.ഡി.എഫ് പ്രശ്നത്തില്‍ ഇടപെടുകയുമായിരുന്നു. എന്നാല്‍,ഇവര്‍ അതിര്‍ത്തി കടന്നെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് വയനാട് ജില്ലാകളക്ടര്‍ പറയുന്നത്.