കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വന്‍ വാഹനത്തിരക്ക് ആണ് അനുഭവപ്പെട്ടത്. ലോക്ക്ഡൗണ്‍ അവസാനിച്ചെന്ന തരത്തിലാണ് ആളുകളുടെ പെരുമാറ്റമെന്നും എറണാകുളത്ത് പാലാരിവട്ടം, കലൂര്‍, എംജി റോഡ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും പോലീസ് പറയുന്നു. എറണാകുളം ജില്ല ഓറഞ്ച് എ മേഖലയിലാണ് വരുന്നത്. ഇവിടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏപ്രില്‍ 24 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെക്കാളേറെ ഇന്ന് പുറത്തിറങ്ങിയത് ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറയുന്നു. പലരും സത്യവാങ്മൂലം പോലുമില്ലാതെയാണ് എത്തുന്നതെന്നും പോലീസ് പറയുന്നു.