തിരുവനന്തപുരം: ലോക്ക് ഡ‌ൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാറ്റിവച്ച പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലകളോട് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാനും മന്ത്രി കെ.ടി. ജലീല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വൈസ് ചാന്‍സലര്‍മാരോട് നിര്‍ദ്ദേശിച്ചു. നേരത്തേ നടന്ന പരീക്ഷകള്‍ക്ക് കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. പരീക്ഷ നടത്തുന്നതിന് ആരോഗ്യവകുപ്പ് നിദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. പരീക്ഷാ ഹാളുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം.

അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനും എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബുതോമസ്, കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ അജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

മൂല്യനിര്‍ണയം അവശേഷിക്കുന്ന ചില വിഷയങ്ങളില്‍ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഐ.എച്ച്‌.ആര്‍.ഡി ഡയറക്ടറോട് നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ തുടങ്ങണം. വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്‍മെന്റുകളും നല്‍കണം. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി സൗകര്യം ഒരുക്കുകയും വേണം.