കൊറോണ പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ജനങ്ങളോട് ആവശ്യപ്പെട്ടു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം ആരംഭിച്ച സാഹചര്യത്തിലായിരുന്നു അമീറിന്റെ അഭിസംബോധന. റമദാന് മുന്‍പ് പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്നു പറഞ്ഞ അമീര്‍ തിരിച്ചു വന്ന പൗരന്മാരെയും കുടുംബങ്ങളേയും അഭിനന്ദിച്ചു. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ നിരീക്ഷണത്തിലില്‍ കഴിയണമെന്നും തിരിച്ചെത്തിയ പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം തടയാന്‍ കുവൈത്ത് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ കുവൈത്തിലുള്ളവരും ഇനി തിരിച്ചു വരുന്നവരും ജാഗ്രത പാലിക്കണം.ലോകാരോഗ്യ സംഘടനയുടെ പ്രശംസ ഇക്കാര്യത്തില്‍ കുവൈത്തിന് ലഭിച്ചു. കൊറോണയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണ വേണം. അത്യാഹിതങ്ങള്‍ പരമാവധി കുറക്കാന്‍ സാധിക്കണം. കൊറോണ പ്രതിരോധത്തിനായി കര്‍മ്മനിരതരായ സര്‍ക്കാറിനെയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെയും ജനങ്ങളെയും അഭിനന്ദിക്കുന്നതായും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അറിയിച്ചു.