ഒട്ടാവ: കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. പൊലീസ്​ യൂനിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ്​ വെടിവെപ്പ്​ നടത്തിയത്​. 51കാരനായ ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു. ഇയാള്‍ വെടിയേറ്റു മരിച്ചു. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്​.

ഹാലിഫാക്സ്​ നഗരത്തിന്​ 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവിലാണ്​ വെടിവെപ്പ്​ നടന്നത്​. ഞായറാഴ്​ച രാത്രി പൊലീസ്​ വേഷത്തിലെത്തിയ അക്രമി വീടുകളില്‍ കയറി വെടിവെപ്പ്​ നടത്തുകയായിരുന്നു. വീടിനകത്തും പുറത്തു നിന്നുമായി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ട നഗരത്തിലാണ്​ അക്രമം നടന്നത്​. വെടിവെപ്പില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും തീപിടിച്ചു.

പോര്‍ട്ടാപിക്യുവില്‍ താല്‍ക്കാലികമായി താമസിച്ചുവരുന്നയാളാണ്​ അക്രമി. ഇയാള്‍ പൊലീസുകാരനായി വേഷംമാറുകയും ത​​െന്‍റ കാറിനെ പൊലീസ്​ വാഹനം പോലെ മാറ്റുകയും ചെയ്​തിരുന്നതായി അധികൃതര്‍ പറഞ്ഞു.

വെടിവെപ്പിന്​ ശേഷം ഹാലിഫാക്സിന് തൊട്ടടുത്തുള്ള എന്‍‌ഫീല്‍ഡിലെ ഗ്യാസ്​സ്​റ്റേഷനില്‍ നിന്നാണ്​ വോര്‍ട്​മാനെ പൊലീസ്​ കണ്ടെത്തിയത്​. പിന്നീട്​ ഏറ്റുമുട്ടലില്‍ ഇയാള്‍ മരിച്ചതായി പോലീസ് അറിയിച്ചു.

വെടിവെപ്പില്‍ വനിത കോണ്‍സ്റ്റബിള്‍ ഹെയ്ഡി സ്റ്റീവന്‍സനാണ്​​ മരിച്ചത്​. ഇവര്‍ രണ്ടു കുട്ടികളുടെ മാതാവാണ്​.വെടിവെപ്പില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു.