തിരുവനന്തപുരം: കേരളത്തിലെ ഏഴു ജില്ലകളില്‍ ഇന്നു മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുന്ന സന്തോഷത്തിലാണ് ജനങ്ങള്‍. എന്നാല്‍ ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്ന് ആരോ​ഗ്യ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കി.

ഏഴു ജില്ലകളില്‍ പുറത്തിറങ്ങാനും സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യാനും ഇവര്‍ക്ക് അനുമതിയുണ്ട്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണ് നടപടി.

പച്ച, ഓറഞ്ച് ബി മേഖലയിലുള്ള ജില്ലകളിലാണ് ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ആഴ്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുമ്ബോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുമോ എന്നതാണ് ആശങ്ക.
രോഗികളില്ലാത്തതിനാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ റിസ്ക് കൂടുതലാണ്.

മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പൊലീസിനെ അടക്കം ഉപയോഗിച്ച്‌ വ്യാപക പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പരിമിതിയുണ്ട്. നേരത്തെ, രോഗം നിയന്ത്രണത്തിലായതോടെ 26 ദിവസം നീണ്ട ലോക്ക് ഡൗണ്‍ മാര്‍ച്ച്‌ 19ന് നീക്കിയ ജപ്പാനിലെ ഹൊക്കായ്ഡോ മേഖലയുടെ അനുഭവമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രോഗം വീണ്ടും വ്യാപിച്ചതോടെ ഇവിടെ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. 50 ശതമാനം പേരിലെങ്കിലും രോഗം വരാവുന്ന തരത്തില്‍ കൊവിഡിന്റെ മൂന്നാം വരവ് മുന്നില്‍ക്കണ്ട് തന്നെയാണ് സംസ്ഥാനത്ത് ജാഗ്രത തുടരുന്നത്.