• രഞ്ജിനി ജോര്‍ജ്‌

ലോകം മുഴുവനിലും അനേകം മനുഷ്യജീവനുകൾ എടുത്തുകൊണ്ട് കൊറോണ എന്ന മഹാമാരി മനുഷ്യന്റെ ഉറക്കം കെടുത്തുന്നു. എന്നാൽ ലോക്‌ഡൗൺ മനുഷ്യന്റെ കഴിഞ്ഞകാല പ്രവർത്തികളുടെ ഒരു വിശകലനം കൂടിയാവുകയാണ്. നൂറ്റാണ്ടുകളായി എത്ര പറഞ്ഞാലും എത്ര കേട്ടാലും മനസ്സിലാക്കാത്ത ചില സത്യങ്ങളെ ഈ കുഞ്ഞു വൈറസ് പഠിപ്പിക്കുകയാണ്.

ഒരു മതത്തേയും ചേർത്ത് പിടിക്കാതെ ഒരു മതത്തെയും മാറ്റി നിർത്താതെ സാമാന്യബുദ്ധിയിൽ ചിന്തിക്കുമ്പോൾ നാമറിയാതെ നമ്മുടെയെല്ലാം ചിന്തകളിൽ വരുന്ന ചില ആശയങ്ങൾ ഉണ്ട്. വിശ്വാസികൾ നല്ലവരെന്നോ അവിശ്വാസികൾ മോശമെന്നോ, അവിശ്വാസികൾ നല്ലവരെന്നോ വിശ്വാസികൾ മോശം എന്നോ അല്ല ഇതിനൊക്കെ അപ്പുറത്ത് ദൈവമെന്ന മഹാശക്തി ആരാധനാലയങ്ങളിൽ മാത്രമല്ല വസിക്കുന്നതെന്നും വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും വിശ്വാസത്തിനോ ദൈവത്തിനോ യാതൊന്നും സംഭവിക്കില്ലെന്നും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും, ഇവയുടെ പേരിലുള്ള ആഘോഷങ്ങളും എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതോ, മാറ്റി വെക്കാവുന്നതോ, ഉപേക്ഷിക്കാവുന്നതോ ആണെന്ന് നമുക്ക് തിരിച്ചറിവുണ്ടായി. ഇന്നത്തെ നമ്മുടെ ആരാധനാലയങ്ങൾ എന്നുപറഞ്ഞാൽ കൊട്ടാരങ്ങൾക്കും മണിമാളികകൾ ക്കും തുല്യമാണ്.

ഒരു ഇടവക രണ്ടു കോടിയുടെ പള്ളി പണിതാൽ അടുത്ത ഇടവകക്കാർ നാലുകോടി മുടക്കി പള്ളി പണിയും. ഒരു സ്ഥലത്തെ അമ്പലം അഞ്ച് കോടി മുടക്കി പണിത ആണെങ്കിൽ അടുത്ത സ്ഥലത്ത് അത് 10 കോടി ആക്കും. മോസ്‌ക്‌കൾ മുഗൾ സാമ്രാജ്യത്തിലെ കൊട്ടാരങ്ങൾക്ക് സ ദൃശ്യമാണ്. ഓരോ മതങ്ങളും പുതിയ സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ പണിയാൻ മത്സരിക്കുന്നു. വിശ്വാസികളെക്കൊണ്ട് ദൈവത്തിന്റെ പേരിൽ എന്തെല്ലാമാണ് ചെയ്യിക്കുന്നത്? . അധ്വാനത്തിന്റെ വീതം കൊടുത്തു നമ്മുടെ ആരാധനാലയങ്ങൾ തഴച്ചുവളരുമ്പോൾ എന്താണ് നമുക്ക് തിരികെ ലഭിക്കുന്നത് ?? പള്ളിയിലോ അമ്പലത്തിലോ മോസ്കിലോ എവിടെ ആണെങ്കിലും നമ്മൾ പണം കൊടുക്കാതെ നമുക്കായി ഒരു പ്രാർത്ഥനകൾ പോലും നടത്തുന്നില്ല. ദൈവത്തിന് ഒന്നിന്റെയും ആവിശ്യമില്ല സർവ വ്യാപിയും സർവ്വശക്തനുമായ ദൈവത്തിന് നൂതന ശൈലിയിലുള്ള ആരാധനാലയങ്ങൾ പണിയുന്നവരെ തിരഞ്ഞു പിടിച്ചു അനുഗ്രഹിക്കുക എന്നതല്ല രീതി. ലോക്ക് ഡൌൺ കാലത്തു ആദ്യം പൂട്ടിയത് ഇതേ ആ ലയങ്ങൾ തന്നെയാണ്.

ഈ കോവിഡ് കാലത്തു എത്ര വൈദികർ,പാസ്റ്റർമാർ, ശാന്തിമാർ ,സ്വാമിമാർ , മുല്ലാക്കമാർ നിങ്ങളെ വിളിച്ചു ക്ഷേമമന്യോഷിച്ചു?? അവരിൽ എത്ര പേർ സഹായ വാഗ്ദാനങ്ങൾ നൽകി?എത്ര മതനേതാക്കന്മാർ പള്ളിയുടെയോ അമ്പലത്തിന്റെയോ മോസ്‌ക്കിന്റെയോ നിക്ഷേപങ്ങളുടെ പങ്കു അവരവരുടെ വിശ്വാസികൾക്ക് ദാനം നൽകി ?? എല്ലാ മതങ്ങളും ആത്യന്തികമായി പഠിപ്പിക്കുന്നത് പരസ്പരം സ്നേഹിക്കുവാനും സഹായിക്കുവാനുമാണ്. എന്റെ ചെറിയവരിൽ ഒരുവന് നീ സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്ന് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നു. ദാ നങ്ങളിൽ ഏറ്റവും വിശിഷ്ടമായത് അന്നദാനം ആണെന്ന് വിശുദ്ധഗ്രന്ഥമായ ഭഗവത്ഗീത പഠിപ്പിക്കുന്നു. തന്റെ അയൽവക്കത്തുള്ള 40 വീടുകളിൽ ഒരാളെങ്കിലും സഹായം അർഹിക്കുന്നു എങ്കിൽ അവരെ സഹായിക്കണം എന്നത് നിന്റെ കടമയാണെന്ന് വിശുദ്ധ ഖുർ ആൻ സാക്ഷ്യപ്പെടുത്തുന്നു. നമുക്ക് ചുറ്റുമുള്ളവരിൽ ദൈവത്തെ കണ്ടു കൊണ്ട് അവനവന് പറ്റുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുമ്പോൾ ആണ് ഒരുവൻ യഥാർത്ഥ വിശ്വാസി ആകുന്നത്.

ഇതു പാലിക്കാത്ത മതനേതാക്കന്മാരെ നമ്മൾ എന്തിനു തീറ്റിപോറ്റണം?? താഴെക്കിടയിലുളള വരെ സഹായിക്കാൻ സർക്കാർ ഉള്ളപ്പോൾ, ആരുടെയും സഹായം ആവശ്യമില്ലാത്തവരാണ് ധനികർ. എന്നാൽ ഇവർക്കിടയിൽ പെട്ട് വലഞ്ഞു പോകുന്ന ഒരു സാധാരണ സമൂഹമുണ്ട്. മിഡിൽ ക്ലാസ് എന്ന് നമ്മൾ പറയുന്ന ഒരു കൂട്ടർ. അഭിമാനo ഉള്ളതുകൊണ്ട് യാചിക്കാൻ സാധിക്കില്ല. അവരെ കണ്ടറിഞ്ഞു സഹായിക്കാൻ സാധിക്കട്ടെ. ദൈവം അപ്പോഴാണ് വിശ്വാസിയായി നമ്മെ അംഗീകരിച്ചു അനുഗ്രഹിക്കുന്നത്.മനുഷ്യന്റെ നല്ല കാലങ്ങളിൽ അവൻ ചേർന്ന് നിൽക്കുന്നത് മതങ്ങളോടൊപ്പമാണെങ്കിലും ദുരിതകാലങ്ങളിൽ ജനങ്ങളെ സഹായിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരിക്കുകയാണ്.

മതപണ്ഡിതന്മാർ നമ്മുടെ അധ്വാനത്തിന്റെ ഫലംകൊണ്ടു നമ്മെത്തന്നെ ചൂഷണം ചെയ്യാനുള്ള അവസരങ്ങൾ നാം തന്നെ സൃഷ്ടിക്കാതിരിക്കാം . ദൈവത്തിന്റെപേരിൽ മനുഷ്യനെ പിഴിയുന്നതും അവന്റെ ബലഹീനതകളെ തിരിച്ചറിഞ്ഞു അടിമകളാക്കുന്നതും വിവേചിച്ചറിയാൻ ഈ കാലം സഹായിക്കട്ടെ. മനുഷ്യ സ്നേഹം മാത്രമാണ് ദൈവം ആഗ്രഹിക്കുന്ന യഥാർത്ഥ പ്രാർത്ഥന. വറചട്ടിയിൽ നിന്ന് എരിതീയിലേക്കു വീഴാതെ പാത്രം അറിഞ്ഞു വിളമ്പാൻ പരസ്പരം മറക്കാതിരിക്കാം .