കാലിഫോര്‍ണിയ: ഓസ്‌കാര്‍ പുരസ്‌കാര ജേതാവും പ്രശസ്ത കാര്‍ട്ടൂണ്‍ പരമ്ബരകളായ ടോം ആന്‍ഡ് ജെറി, പോപേയ് തുടങ്ങിയവ സംവിധാനം ചെയ്ത ജീന്‍ ഡീച്ച്‌ (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി പ്രാഗിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വച്ച്‌ മരണപ്പെട്ടതായി ചെക്ക് പ്രസാധകനായ പീറ്റര്‍ ഹിമ്മല്‍ അറിയിച്ചു.
1924 ഓഗസ്റ്റ് 8ന് ചിക്കാഗോയില്‍ ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് കാലിഫോര്‍ണിയയിലേക്ക് പോയി. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്തിരുന്ന ജീന്‍ 1944ല്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് തിരികെ വന്നു. പിന്നീടായിരുന്നു അനിമേഷന്‍ കരിയര്‍. ടോം ആന്‍ഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലര്‍ പരമ്ബരയിലെ ഏതാനും ചിത്രങ്ങളും ജീന്‍ ആണ് സംവിധാനം ചെയ്തത്. 58ലായിരുന്നു ആദ്യ ഓസ്‌കര്‍ നോമിനേഷന്‍. സിഡ്നിസ് ഫാമിലി ട്രീ എന്ന ചിത്രത്തിന് നാമനിര്‍ദ്ദേശം ലഭിച്ചെങ്കിലും അവാര്‍ഡ് ലഭിച്ചില്ല. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനാണ് ജീന്‍ ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. 1964ല്‍ ‘നഡ്നിക്ക്’, ‘ഹൗ ടു അവോയ്ഡ് ഫ്രണ്ട്ഷിപ്പ്’ എന്നീ രണ്ട് അനിമേറ്റഡ് ഹ്രസ്വചിത്രങ്ങള്‍ക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശവും ലഭിച്ചു.