തിരുവനന്തപുരം: ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുന്നത്.

പച്ച, ഓറഞ്ച് ബി മേഖലകളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ തുടങ്ങിയവ അനുവദിക്കില്ല. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാത്തരം പരിപാടികളും അനുവദിക്കില്ല.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും ഇരുപതില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്ബറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്ബറുകളുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സഞ്ചരിക്കാം.