തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ കാരണം മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മരുന്ന് ലഭിക്കാത്തതിനാല്‍ നിരവധി മാനസിക പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാന്‍ ആശ്വാസകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സംസ്ഥാന യുവജനകമ്മീഷന്‍. തിരുവനന്തപുരം മാനസിക ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നേരിട്ട് ആശുപത്രിയില്‍ നിന്നും മറ്റിടങ്ങളില്‍ പ്രധാന മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും സമാഹരിച്ചും എത്തിക്കുകയാണ് യുവജനകമ്മീഷന്‍. വിവിധ ജില്ലകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സംസ്ഥാന കേന്ദ്രത്തില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് മുഖേന ചെയിന്‍ സര്‍വീസ് ആയി മരുന്നെത്തിക്കുന്നത്. ശനിയാഴ്ച്ച മൂന്നാം ഘട്ടം മരുന്നുകളാണ് തിരുവനന്തപുരം ഫയര്‍ ഫോഴ്‌സ് ആസ്ഥാനത്തു നിന്ന് പുറപ്പെട്ടത്.

കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. എം രണ്‍ദീഷ്, ആര്‍ മിഥുന്‍ഷാ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ അമല്‍ എന്നിവര്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെത്തി സ്റ്റേഷന്‍ ഓഫിസര്‍ അശോക് കുമാറിന് മരുന്നുകള്‍ കൈമാറി. ഫയര്‍ ഫോഴ്‌സ് മേധാവി എഡിജിപി ഹേമചന്ദ്രന്‍, കേരള സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഏപ്രില്‍ 10, 13 ദിവസങ്ങളില്‍ കൊല്ലത്ത് മരുന്നെത്തിച്ചിരുന്നു.