ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 16,116 പേര്‍ക്ക്. ഇതില്‍ 2301 പേര്‍ രോഗമുക്തരായി. 519 പേര്‍ മരിച്ചു. നിലവില്‍ 13,295 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹരാഷ്ട്രയാണ് കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനം. 3651 പേര്‍ക്കാണ് അവിടെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 1893 പേര്‍ക്ക് രാജ്യതലസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 1604 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

1324 കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അതിനിടെ, രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്നവരുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.