കോഴിക്കോട്​: എ.എ.വൈ /മുന്‍ഗണന കാര്‍ഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള സൗജന്യ റേഷന്‍ വിതരണം തിങ്കളാഴ്​ച ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച റേഷന് പുറമെയാണിത്. കൈപ്പറ്റാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ കൊണ്ടുവരണം.

ഒ.ടി.പി പിന്‍ നമ്ബര്‍ ഉപയോഗിച്ച്‌ മാത്രമേ റേഷന്‍ സാധനങ്ങള്‍ വിതരണം നടത്താന്‍ പറ്റൂ. 22 മുതല്‍ മുന്‍ഗണന കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് കൈപ്പറ്റാന്‍ വരുന്നവരും മൊബൈല്‍ കൊണ്ടുവരണം. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം എ.എ.വൈ (മഞ്ഞ കാര്‍ഡ്), പി.എച്ച്‌.എച്ച്‌ (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ച്​ കിലോഗ്രാം അരി വീതമാണ് ലഭിക്കുക. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷന്​ പുറമെയാണിത്. ആളൊന്നിന് അഞ്ച്​ കിലോഗ്രാം അരിവീതം ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങണം. നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി റേഷന്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാറിന്‍െറ പദ്ധതിപ്രകാരം സൗജന്യ റേഷന്‍ ലഭിക്കില്ല. അതേസമയം, സൗജന്യ കിറ്റ്​ വിതരണം ഏപ്രില്‍ 22ന്​ ആരംഭിക്കും.