കാസര്‍ഗോഡ്: ജില്ലയില്‍ എട്ട് പേര്‍ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. മാര്‍ച്ച്‌ 16 ന് ദുബായില്‍ നിന്ന് വന്ന ചെമ്മനാട് തെക്കില്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാട്ടിലെത്തി 34 ദിവസത്തിന് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 48 കാരനായ ചെമ്മനാട് തെക്കില്‍ സ്വദേശിക്ക് 34 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ പാലിച്ച്‌ ക്വാറന്റൈനില്‍ കഴിയുകയായിരുന്നതിനാല്‍ ഇയാളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

 

അതേസമയം, ജില്ലയില്‍ ആശുപത്രി വിടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 122 പേര്‍ ആശുപത്രി വിട്ടു. 46 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലാണ്. രോഗം സ്ഥിരീകരിച്ചും ലക്ഷണങ്ങളോടെയും ആശുപത്രികളില്‍ കഴിയുന്ന 113 പേരടക്കം 5194 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇനി 482 സാമ്ബിളുകളുടെ ഫലമാണ് ജില്ലയില്‍ ലഭ്യമാകാനുള്ളത്.