ആവശ്യമുള്ള സാധനങ്ങള്‍

പോര്‍ക്ക് ചെറിയ കഷണങ്ങളാക്കി വൃത്തിയാക്കിയത് – ഒരു കിലോ, സവാള – 4 എണ്ണം (നീളത്തിലരിഞ്ഞത്), ചുവന്നുള്ളി – 1/2 കപ്പ്(നീളത്തില്‍ അരിഞ്ഞത്), വെളുത്തുള്ളി നീളത്തിലരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍, ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു വലിയ കഷണം, പച്ചമുളക് നീളത്തിലരിഞ്ഞത് – 4 എണ്ണം, മഞ്ഞള്‍പ്പൊടി – പാകത്തിന്, പെരുംജീരകം – 1/2 ടീസ്പൂണ്‍, ഏലയ്ക്ക – 4 എണ്ണം, തക്കോലം – കുറച്ച്, കറുവാപ്പട്ട – ഒരു ചെറിയ കഷണം, ജാതിപത്രി – ഒരു ചെറിയ കഷണം, ഗ്രാമ്പൂ – 2 എണ്ണം, ഉപ്പ് – പാകത്തിന്, കടുക് – കുറച്ച്, കറിവേപ്പില – 4 തണ്ട്, ഗരംമസാല – 3 ടേബിള്‍ സ്പൂണ്‍, മല്ലിപ്പൊടി – 3 ടേബിള്‍ സ്പൂണ്‍, മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍, കുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ – ആവശ്യത്തിന്, നാരങ്ങാനീര് – ഒരു നാരങ്ങയുടേത്.

തയാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചുവന്നുളളി ചേര്‍ത്തിളക്കുക. ചുവന്നുള്ളിയുടെ നിറം മാറിത്തുടങ്ങുമ്പോള്‍ സവോള ചേര്‍ക്കാം. സവാള വഴന്നശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ഇവയും ചേര്‍ത്തിളക്കി നന്നായി വഴറ്റിയെടുക്കുക. ശേഷം കറിവേപ്പില, ഏലയ്ക്ക, പെരുംജീരകം, തക്കോലം, കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവയെല്ലാം ചേര്‍ത്ത് മസാല മൂക്കുന്നതുവരെ തീ കുറച്ച് വച്ച് ഇളക്കി മൂപ്പിച്ചെടുക്കാം. ഇനി ഉപ്പ് ചേര്‍ക്കാം. ശേഷം പോര്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. വെന്തശേഷം ഇതിലേക്ക് കുറച്ച് കറിവേപ്പില, നാരങ്ങാനീര്, കുരുമുളകുപൊടി, ആവശ്യമെങ്കില്‍ ഉപ്പും അല്‍പ്പം ഗരംമസാലയുംകൂടി ചേര്‍ത്ത് വഴറ്റി വെള്ളം വറ്റിച്ച് പോര്‍ക്ക് ഉലര്‍ത്തിയെടുക്കാം.