ആബര്‍ണ്‍, കാലിഫോര്‍ണിയ :  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അനുയായികളെയും നിശിതമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ വടക്കന്‍ കാലിഫോര്‍ണിയ നഗരത്തിലെ മുന്‍ മേയര്‍  വിമാനാപകടത്തില്‍ മരിച്ചുവെന്ന് സാക്രമെന്റോ ബീ റിപ്പോര്‍ട്ട് ചെയ്തു.

ആബര്‍ണ്‍ മേയറായിരുന്ന ഡോ. ബില്‍ കിര്‍ബി  ശനിയാഴ്ച രാവിലെ ആബര്‍ണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിന് സമീപം രാവിലെ 11ന്  ഉണ്ടായ അപകടത്തില്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

യൂറോളജിസ്റ്റുകൂടിയായ കിര്‍ബിയാണ് അപകട സമയത്ത് വിമാനം പറത്തിയിരുന്നത് എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ ഒരു യാത്രക്കാരന് നിസാര പരിക്കേറ്റതായും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു.

72 കാരനായ കിര്‍ബി 2009 മുതല്‍ ലൈസന്‍സുള്ള പൈലറ്റായിരുന്നുവെന്ന് പത്രം രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോടുള്ള ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിക്കുകയും പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരെ കെകെകെ അംഗങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്ത കിര്‍ബിയുടെ  സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കഴിഞ്ഞ ആഴ്ച  കുപ്രസിദ്ധി നേടിയിരുന്നു. ട്രംപിനെ വംശീയവാദിയെന്നും കിര്‍ബി വിമര്‍ശിച്ചിരുന്നു.