ബഹ്റൈനിൽ നൂറ്റാണ്ടുകൾക്ക് മുന്പ് ക്രിസ്തീയ ദേവാലയം സ്ഥിതിചെയ്തിരുന്നതിനു തെളിവുകൾ ലഭിച്ചതായി ബഹ്റൈൻ പുരാവസ്തുവകുപ്പ് അറിയിച്ചു. ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്യുറ്റിസ് പ്രസിഡന്റ് ഷൈഖാ മൈ ബിൻത് മുഹമ്മദ് അൽ ഖലീഫ നടത്തിയ ഓൺലൈൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജപ്പാൻ, യു കെ, ഡെന്മാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നടക്കമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണെന്നും വരും നാളുകളിൽ ഇതിന്റെ കൂടുതൽ വിശദ വിവരങ്ങൾ ലഭ്യമാകുമെന്നും അവർ വ്യക്തമാക്കി.
ഏഴാം നൂറ്റാണ്ടിൽ സ്ഥിതിചെയ്തിരുന്നതായി കരുതുന്ന ക്രിസ്ത്യൻ ദേവാലയം സമാഹീജിൽ ആണ് കണ്ടെത്തിയിട്ടുള്ളത്. ഒരു പക്ഷെ ഇസ്ലാം മതം പ്രചരിപ്പിക്കപ്പെടുന്നതിന് മുൻപേ തന്നെ ക്രിസ്തീയ വിശ്വാസികൾ ഇവിടെ ഉണ്ടായിരുന്നുവെന്നുള്ളതിന്റെ സൂചനയാണിതെന്നും അവർ വെളിപ്പെടുത്തി. ടൈലോസ് കാലഘട്ടത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന മനുഷ്യരുടെ നിരവധി കല്ലറകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 1978 ലാണ് ആദ്യമായി ബഹ്റൈനിൽ പുരാവസ്തു ഖനനം ആരംഭിച്ചത്. ‘ലോസ്റ്റ് പാരഡൈസ് ‘ എന്ന് വിശേഷിപ്പിക്കാവുന്ന മനോഹരമായ ഉദ്യാനവും രാജ്യത്തുണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചതായി വാർത്താ സമ്മേളനത്തിൽ ഷൈഖാ മൈ ബിൻത് മുഹമ്മദ് അൽ ഖലീഫ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.