• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: കോവിഡ് 19 വൈറസിന് അപ്പുറവും ഇപ്പുറവും നിന്നു റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും വാക് യുദ്ധം തുടങ്ങുന്നതാണ് ഇന്നത്തെ വലിയ വാര്‍ത്ത. റിപ്പബ്ലിക്കന്‍ ഭരണമുള്ള സംസ്ഥാനത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇഷ്ടാനുസരണം നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നു. എന്നാല്‍, യാതൊരു വിധത്തിലും നിയന്ത്രണങ്ങള്‍ മാറ്റുകയില്ലെന്നു മാത്രമല്ല, ഉത്തരവുകള്‍ കര്‍ശനമാക്കുമെന്നു ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഗവര്‍ണര്‍മാര്‍ പറയുന്നു. അതേസമയം, ട്രംപിന്റെ അനുഗ്രഹാശിസുകളോടെ ടെക്‌സസ് സംസ്ഥാനത്ത് പ്രതിഷേധക്കാര്‍ സാമൂഹിക അകലം തകര്‍ത്തു.

എന്നാല്‍ ഇപ്പോഴിതു നടത്തുന്നതിലൂടെ അപകടസാധ്യതകള്‍ ഏറെയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സാമ്പത്തി പ്രതിസന്ധി അതിജീവിക്കാന്‍ രാജ്യം തുറന്നിടുന്നത് ആത്മഹത്യാപരമാണ്. പ്രത്യേകിച്ചും ഇനിയും ആരോഗ്യപരമായി വളരെയധികം കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍. കോവിഡ് 19-ന് എതിരേയുള്ള ഒരു വാക്‌സിന്‍ ഇപ്പോഴും വളരെ ദൂരെയാണ്. പരിശോധന ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. കേസുകള്‍ തിരിച്ചറിയുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് വേഗത്തിലാക്കേണ്ടതുണ്ട്.

രാജ്യം വീണ്ടും തുറക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, പൊതുജനങ്ങളുടെ അപകടസാധ്യതകള്‍ വ്യക്തമായി അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതില്‍ ജാഗ്രത പാലിക്കുന്നതും പ്രധാനമാണെന്ന് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി ഡോക്ടറും അടിയന്തിര ആരോഗ്യ സേവന പ്രൊഫസറുമായ ഡോ. ലൂസി വില്‍സണ്‍ പറയുന്നു.

അതേസമയം, രാജ്യത്ത് മരണം 39,015 ആയി. രോഗബാധിതര്‍ 738,923 ആയിക്കഴിഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ 13,551 എ്ണ്ണമാണ്. ഇവരില്‍ പലരും വെന്റിലേറ്ററിലാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ മരണനിരക്കില്‍ കുറവു കാണുന്നുണ്ട്. എന്നാല്‍ സാമൂഹിക അകലം പിന്‍വലിക്കാറായിട്ടില്ലെന്നാണ് ഇവിടെ നിന്നുള്ളവരുടെ നിലപാട്. അതേസമയം, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ശക്തമായ ആവശ്യമുയരുന്നു. ഇന്നലെ ഇതിനായി ഓസ്റ്റിനില്‍ റാലിയും പ്രതിഷേധസംഗമവും സംഘടിപ്പിച്ചിരുന്നു.

കൊറോണ വൈറസ് പരിശോധിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഫലപ്രദമായ അടിസ്ഥാന സൗകര്യങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും ഇതു വീണ്ടും തുറക്കുന്നതിന് അവസരമൊരുക്കുന്നുവെന്നും പല യുഎസ് ഗവര്‍ണര്‍മാരും വ്യക്തമാക്കുന്നു. സാധാരണ ജീവിതം പുനരാരംഭിക്കാന്‍ ആളുകള്‍ വ്യഗ്രത കാണിക്കുന്നുവെന്നു വ്യക്തമാണ്. എന്നാല്‍ അത്തരത്തിലൊരു നടപടി രാജ്യത്തിന് വലിയ ആപത്ത് സൃഷ്ടിക്കുമെന്ന് മറ്റു ലോകരാജ്യങ്ങളെ ചൂണ്ടിക്കാട്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വൈറസിനായി വിശാലമായ പരിശോധനകളില്ലാതെ തങ്ങളുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാന്‍ കഴിയില്ലെന്ന് ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും തറപ്പിച്ചു പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതിന് പൗരാവകാശ സംഘാടകര്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു. ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വലിയ തോതില്‍ പ്രതിഷേധം ഇവര്‍ ഉയര്‍ത്തുന്നുണ്ട്. റിപ്പബ്ലിക്കന്‍ അനുകൂലികള്‍ ഇവരുടെ വാദത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഇത് ഈ വാരാന്ത്യത്തില്‍ കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തെ വിവിധ ദിശകളിലേക്ക് വലിച്ചിഴച്ചു. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും ഗവര്‍ണര്‍മാര്‍ ട്രംപ് ഭരണകൂടത്തോട് വൈറസിനെതിരേയുള്ള പരീക്ഷണം വേഗത്തിലാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പ്രസിഡന്റ് ട്രംപ് ചില സംസ്ഥാനങ്ങളിലെ ആളുകളെ ലോക്ക്ഡൗണുകള്‍ക്കെതിരെ പോരാടുവാനാണ് പ്രേരിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരുള്ള സംസ്ഥാനങ്ങളായ മിഷിഗണ്‍, മിനസോട്ട, വിര്‍ജീനിയ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള പ്രതിഷേധത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 1 ന് സംസ്ഥാനം വീണ്ടും തുറക്കാന്‍ കഴിഞ്ഞാല്‍ താന്‍ ഏറ്റവും സന്തുഷ്ടനായ വ്യക്തിയായിരിക്കുമെന്ന് ന്യൂജേഴ്‌സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് മൊത്തത്തില്‍ സുരക്ഷിതമായി വീണ്ടും തുറക്കാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ്.
ന്യൂയോര്‍ക്കില്‍ നിന്നും ന്യൂജേഴ്‌സിയില്‍ നിന്നുമുള്ള ഡാറ്റ ശനിയാഴ്ച പരിശോധിച്ചതില്‍ രണ്ട് സംസ്ഥാനങ്ങളിലും, പുതിയ അണുബാധകളുടെ വ്യാപനം വര്‍ദ്ധിക്കുന്നില്ലെന്നു വ്യക്തമായി. ന്യൂജേഴ്‌സിയില്‍, പുതിയ കേസുകളുടെയും ആശുപത്രിയിലെത്തുന്ന രോഗികളുടെയും എണ്ണം കുറയുന്നു, ന്യൂയോര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യയായ 540, ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 36 മരണങ്ങളും നഴ്‌സിംഗ് ഹോമുകളിലാണെന്ന് മിസ്റ്റര്‍ ക്യൂമോ അഭിപ്രായപ്പെട്ടു, ‘ഇതിലെ ഏറ്റവും വലിയ ഭയം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംസ്ഥാനത്തിന്റെ 4,070 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 40 ശതമാനവും ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലാണ് സംഭവിച്ചതെന്ന് ന്യൂജേഴ്‌സിയിലെ ആരോഗ്യ കമ്മീഷണര്‍ പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസിനായി പ്രതിദിനം ശരാശരി 146,000 ആളുകളെ പരീക്ഷിച്ചുവെന്ന് കോവിഡ് ട്രാക്കിംഗ് പ്രോജക്റ്റ് പറയുന്നു. മെയ് പകുതിയോടെ രാജ്യം വീണ്ടും തുറക്കുന്നതിന്, ഹാര്‍വാര്‍ഡ് കണക്കാക്കുന്നത് ഇപ്പോളും അതിനുശേഷവും നടത്തുന്ന ദൈനംദിന പരിശോധനകളുടെ എണ്ണം 500,000 മുതല്‍ 700,000 വരെയായിരിക്കണമെന്നാണ്. രോഗബാധിതരായ മിക്ക ആളുകളെയും തിരിച്ചറിയാനും ആരോഗ്യമുള്ള ആളുകളില്‍ നിന്ന് അവരെ ഒറ്റപ്പെടുത്താനും ആ നിലയിലുള്ള പരിശോധന ആവശ്യമാണ്, ഗവേഷകര്‍ പറയുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ മന്ദഗതിയിലുള്ള ലബോറട്ടറി സമ്പ്രദായങ്ങള്‍ വൈറസ് വ്യാപനം ശക്തിപ്പെടുത്തിയതായി ശനിയാഴ്ച ഫെഡറല്‍ അധികൃതര്‍ സമ്മതിച്ചു.

മൂന്ന് സി.ഡി.സി. കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ സൃഷ്ടിച്ച അറ്റ്‌ലാന്റയിലെ ലബോറട്ടറികള്‍ അവരുടെ നിര്‍മ്മാണങ്ങള്‍ക്കു കോവിഡ് 19 രാജ്യത്ത് പടരുന്നതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന് ഏറ്റുപറഞ്ഞു. ഈ സാഹചര്യമാണ് രാജ്യത്തെ തുറന്നിടാന്‍ ഇപ്പോഴും സമയമായിട്ടില്ലെന്നു പറയാന്‍ പ്രേരിപ്പിച്ചതെന്ന് നാഷണല്‍ എപിഡെമിക്‌സ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി പറഞ്ഞു.