ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂടുതല്‍ ആശങ്കയ്ക്ക് വഴിവെച്ച്‌ പുതിയ റിപ്പോര്‍ട്ട്. ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.

ഡല്‍ഹിയില്‍ കൊവിഡ്-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിച്ച്‌ 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്