അബുദാബി • യു.എ.ഇയില്‍ കൊറോണ വൈറസിന്റെ 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

നാല് രോഗികളുടെ മരണവും മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 6,781 ആയി, ആകെ 1,286 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 41 പേര്‍ മരിച്ചു.

രാജ്യവ്യാപകമായ സ്റ്റെറിലൈസേഷന്‍ ക്യാംപെയിന്‍ ഒരു ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ യു.എ.ഇ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.

കോവിഡ് കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിനായി യു‌.എ.ഇ 14 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആരോഗ്യ പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിക്കാന്‍ കഴിയും. രാജ്യത്തുടനീളം പുതിയ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പ്രതിദിനം 7,100 പേരെ ടെസ്റ്റ്‌ ചെയ്യാന്‍ കഴിയുമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.

ആശുപത്രികളിലും ഔട്ട്‌-പേഷ്യന്റ് ക്ലിനിക്കുകളിലുമടക്കം ദിവസവും 10,000 ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി രാജ്യത്തിനുണ്ട്.

അതേസമയം, കോവിഡ് -19 ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും യു.എ.ഇ ആരംഭിച്ചു.

എല്ലാ റെസിഡന്‍സി വിസകളും എന്‍ട്രി പെര്‍മിറ്റുകളും എമിറേറ്റ്സ് ഐ.ഡികളും 2020 അവസാനം വരെ സാധുവായി തുടരും എന്നതാണ് യു.എ.ഇ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും പുതിയ നടപടികളില്‍ ഒന്ന്.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയും മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എ.ഇയുടെ കോവിഡ് -19 വൈറസിന്റെ ആദ്യത്തെ പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗ് ദുബായിലെ കോവിഡ് -19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസിലെ (എം‌ബി‌ആര്‍‌യു) ഗവേഷകരാണ് ദുബായിലെ ഒരു രോഗിയില്‍ നിന്ന് വൈറസിന്റെ വിജയകരമായ സീക്വന്‍സിംഗ് നടത്തിയത്.