തിരുവനന്തപുരം: ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നിശ്ചയിച്ച്‌ കേരള പൊലീസ് ആക്‌ട് ചട്ടം ഭേദഗതിചെയ്തു. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച്‌ 500 മുതല്‍ 5000 രൂപ വരെയാണ് പിഴ ചുമത്തുക. 1000 രൂപ വരെയുള്ള പിഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളില്‍ 5000 രൂപ വരെയുള്ള പിഴ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഈടാക്കാനാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

പിഴ ഈടാക്കാവുന്ന കുറ്റങ്ങളും പിഴയും

പൊലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താല്‍ 5000 രൂപ പിഴ ഈടാക്കും.

പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നല്‍കിയാലും പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അവശ്യസര്‍വീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നല്‍കുകയോ ചെയ്താലും 5000 രൂപ പിഴ നല്‍കണം.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക്‌ ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കുകയോ സ്കൂള്‍ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താല്‍ 5000 രൂപ പിഴ ഈടാക്കും.

മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂര്‍ മുമ്ബും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാല്‍ 500 രൂപ നല്‍കണം

വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയില്‍ കൂടുതല്‍ തള്ളിനില്‍ക്കുന്ന സാധനവുമായി സഞ്ചരിച്ചാല്‍ 500 രൂപ.

വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി വിട്ടാല്‍ 500 രൂപ നല്‍കേണ്ടി വരും.

മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിച്ചാല്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും.

ഫോണ്‍, ഇ-മെയില്‍ തുടങ്ങിയവ വഴി ഒരാള്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 1000 രൂപ പിഴ ഈടാക്കും.