തിരുവനന്തപുരം: ആരോഗ്യ രംഗത്തെ പരിമിതികള്‍ വെല്ലുവിളികളായെങ്കിലും അവയൊക്കെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിയ ജില്ലയായി കാസര്‍കോട്. കടമ്ബകളെല്ലാം കടന്ന് ജില്ല ഇന്ന് പൂര്‍ണമായും അതിജീവനത്തിന്റെ പാതയിലാണെന്ന് ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു വ്യക്തമാക്കി.

ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും 10 സാമൂഹാരോഗ്യ കേന്ദ്രങ്ങളും 38 പി എച്ച്‌സികളും മാത്രമായി ഒതുങ്ങിയതായിരുന്നു കാസര്‍കോടിന്റെ ആരോഗ്യരംഗത്തെ സന്നാഹങ്ങള്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞത് രോഗവ്യാപനത്തിന്റെ തോത്കുറച്ചു. ഇനി പൂര്‍ണമായും കാര്യങ്ങള്‍ കയ്യിലൊതുങ്ങും.

രോഗവ്യാപനം പൂര്‍ണമായും തടയുക എന്നതാണ് ജില്ലയിലെ പ്രതിരോധം. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 7 മേഖലകളിലെ 75000 പേരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഇതിനകം ശേഖരിച്ചു കഴിഞ്ഞു.
കാസര്‍കോടിന്റെ ഈ പ്രതിരോധമാണ് ഇന്ന് രാജ്യത്തിന് പോലും മാതൃകയാവുന്നത്.