• രഞ്ജിനി ജോർജ്

ലോക്ക് ഡൗണിനു ശേഷം നാം ഓരോരുത്തരും മനസ്സുവെച്ചാൽ ഉണ്ടാകാൻ പോകുന്ന സാമ്പത്തികനേട്ടം ചെറുതല്ല. ആവശ്യത്തിനും അനാവശ്യത്തിനും ആഡംബരത്തിനും നാം വാങ്ങിക്കൂട്ടിയ തുണിത്തരങ്ങൾ, ഒരിക്കൽ ഉപയോഗിച്ച സാരിയും ബ്ലൗസും അടുത്ത ചടങ്ങ് ഉപയോഗിക്കുന്നത് നാണക്കേടാണ് എന്ന അവസ്ഥയിലേക്ക് മലയാളി സ്ത്രീകൾ ചിന്തിച്ചു തുടങ്ങിയിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ തരംഗങ്ങളനുസരിച്ചു മാത്രം വസ്ത്രങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന കൗമാരക്കാർ.അത് ഒപ്പിക്കുന്നതിനും പൊങ്ങച്ചം കാണിക്കുന്നതിനും പുറകെ ഓടുന്ന മാതാപിതാക്കൾ. സൗന്ദര്യവർദ്ധക വസ്തുക്കളുടെ കാര്യം എടുത്താൽ വെളുക്കാനും സൗന്ദ്യര്യം വർധിപ്പിക്കാനും, മുടി നീട്ടാനും, പ്രായം കുറക്കാനും, വണ്ണം കുറക്കാനും എത്ര വിലകൊടുത്തും എന്തും വാങ്ങി കഴിക്കാനും പരീക്ഷിക്കാനും തയ്യാറായ മലയാളിക്ക് മുമ്പിൽ സൗന്ദര്യ വർധക നിർമാതാക്കൾ കാശ് വാരി. ബ്രാൻഡ് മാത്രം നോക്കി വാങ്ങുന്ന വാച്ച്, ചെരിപ്പ് കൂളിംഗ് ഗ്ലാസുകൾ അങ്ങനെ സാധനങ്ങളുടെ നീണ്ടനിര. മാതാപിതാക്കൾക്കു അയച്ചു കൊടുക്കാൻ പണം ഇല്ലെങ്കിലും പുതിയ ഫോൺ വാങ്ങുന്ന ചെറുപ്പക്കാരായ ജോലിക്കാർ കാണാൻ ആളില്ലെങ്കിൽ അഭിപ്രായം പറയാൻ സുഹൃത്തുക്കൾ ഇല്ലെങ്കിൽ ഇതൊന്നും നമ്മുടെ അത്യാവശ്യങ്ങൾ അല്ലായിരുന്നു എന്ന് ഈ ലോക് ഡൌൺ കാലം നമ്മെ പഠിപ്പിച്ചു. മക്കളുടെ ആഗ്രഹത്തിന് ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും വാങ്ങി അവരുടെ പള്ള നിറക്കുമ്പോൾ അത് കുഞ്ഞുങ്ങൾക്ക് അനാരോഗ്യം മാത്രമാണ് നേടിക്കൊടുക്കുന്നത് എന്നും, വീട്ടിലെ ആഹാരം കഴിച്ച് അവർ ആരോഗ്യത്തോടെ ഇരിക്കുo എന്നും നാം പഠിച്ചു. എത്ര വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉണ്ടാക്കിയതാണെങ്കിലും എത്ര മായം ചേർത്തതാണെങ്കിലും ഹോട്ടൽ ഭക്ഷണം കഴിച്ചാൽ മാത്രം തൃപ്തിവരുന്ന അനാരോഗ്യകരമായ നമ്മുടെ ഭക്ഷണശീലങ്ങൾ. നൂലുകെട്ട് മുതൽ ശവസംസ്കാരം വരെ ഓരോ ആഘോഷങ്ങളുടെ പേര് പറഞ്ഞു നാം സൃഷ്ടിച്ച ഭക്ഷ്യ മേളകൾ , പാഴാക്കിയ ഭക്ഷണസാധനങ്ങൾ എല്ലാം എന്തിനായിരുന്നു എന്ന് നമുക്ക് ബോധ്യപ്പെട്ടു. നമ്മുടെ തൊടിയിൽ തുച്ഛമായ സമയം ചിലവഴിച്ചാൽ നമ്മുടെ കുടുംബത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാം എന്നും നാം മനസ്സിലാക്കി.

മക്കൾക്ക്‌ സങ്കടം ആവാതിരിക്കാൻ ലോൺ എടുത്തു ബൈക്ക് വാങ്ങിക്കൊടുക്കുന്ന സാധാരണക്കാർ. അതിൽ ചീറി പാഞ്ഞു പോവുകയും മരണം വിലക്ക് വാങ്ങുകയും ചെയ്യുന്ന യുവത്വങ്ങൾ. ലോക് ഡൌൺ കാലത്തെ അപകടമരണങ്ങളുടെ ലിസ്റ്റ് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ ?.പത്രത്തിലെ മരണക്കോളങ്ങൾ എന്തേ നിറയുന്നില്ല ? സ്പീഡ് കുറച്ച് വാഹനമോടിക്കുന്നത് ജീവൻ രക്ഷിക്കു മെന്ന തിരിച്ചറിവ് ഉണ്ടാകാൻ ലോക് ഡൌൺ വേണ്ടിവന്നു. ഒരു ശരാശരി മലയാളി അവന്റെ സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നു ന്നും, കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിന് വേണ്ടി മാത്രം യാത്രകൾ നടത്തുന്നുന്നതും എല്ലാം അത്യാവശ്യം ആയിരുന്നില്ല അതില്ലാതെ ജീവിക്കാoഎന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ ഊഷ്മളത വർദ്ധിക്കുന്നു എന്നും നാം അറിഞ്ഞു. എന്തിനേറെ പറയുന്നു ഉച്ചി മുതൽ ഉള്ളo കാൽ വരെ ഓരോരോ കാരണങ്ങൾ പറഞ്ഞു മണിക്കൂറുകൾ ക്യൂ നിന്ന് ആശുപത്രികളിൽ നമ്മൾ അനാവശ്യമായി ചെലവഴിച്ച നമ്മുടെ സമ്പാദ്യങ്ങൾ, ചെയ്തുകൂട്ടിയ പരിശോധനകൾ തിന്നു കുട്ടിയെ ഗുളികകളും മരുന്നുകളും അത് വഴി കുത്തക മറന്നു കമ്പനികൾ കോടികളുടെ ലാഭം കൊയ്യുകയാണെന്നും നാം അറിഞ്ഞു. സർക്കാർ ആശുപത്രിയിൽ പോകുന്നത് സ്റ്റാറ്റസ് സിംബൽ അല്ലെന്നു കരുതിയ നമുക്ക് അത് മാത്രമാണ് ജീവൻ രെക്ഷ മാർഗമെന്ന് ലോക്ക് ഡൌൺ ബോധ്യപ്പെടുത്തി. 90 ശതമാനം രോഗങ്ങളും മനസ്സിന്റെ തോന്നലുകളിൽ നിന്നാണ് എന്നും മാനസിക സമ്മർദമാണ് മിക്ക രോഗങ്ങളെയും അടിസ്ഥാന കാരണം എന്നും വിദഗ്ധർ പറയുന്നത് സത്യമാണെന്ന് നമുക്ക് അനുഭവം കൊണ്ട് ബോധ്യപ്പെട്ടു. ലോക് ഡൗണിന് ശേഷം നാം പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് അനാവശ്യ ചിലവുകളും, ആഡംബര ജീവിതരീതികളും ഒഴിവാക്കിയാൽ ഒരു പരിധിവരെ നമുക്കും നമ്മുടെ നാടിനും ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറാം. നമുക്കുണ്ടായ നഷ്ടങ്ങളെ നമുക്ക് നേട്ടങ്ങൾ ആക്കി മാറ്റാം. നമുക്കുള്ള ഓഫറുകൾ നാം തന്നെയാണ് സൃഷ്ടിക്കേണ്ടത്. ചിലവാക്കാത്ത ഓരോ രൂപയും നമ്മുടെ നിക്ഷേപങ്ങളാണ്.