റിയാദ് : സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം 1132പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8274ലെത്തി. 1329 പേരാണ് രോഗമുക്തി നേടിയത്. ബാക്കി 6,853 പേര്‍ ചികിത്സയിലാണ്.അതില്‍ 78 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. അഞ്ചു പേരാണ് ഇന്ന് മരിച്ചത്. ജിസാനില്‍ 34 വയസുള്ള സ്വദേശി യുവാവും മക്കയില്‍ മൂന്നും ജിദ്ദയില്‍ ഒന്നും ഉള്‍പ്പെടെ നാല്​ വിദേശികളുമാണ് ഇന്ന് മരണപ്പെട്ടത്. സൗദിയില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 92 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച 1132 പേരില്‍ 201 പേര്‍ സാമൂഹ്യ സമ്ബര്‍ക്കംവഴി രോഗം ബാധിച്ചവരാണ്.ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തിയവരാണ് 740പേര്‍. മക്കയിലാണ് ഇന്ന് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. 315പേര്‍ക്ക് വൈറസ് ബാധിച്ചു. ജിദ്ദയില്‍ 236 പേര്‍ക്കും റിയാദില്‍ 225 പേര്‍ക്കും മദീനയില്‍ 186 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

സൗദിയില്‍ ഇതുവരെ അഞ്ച് ഇന്ത്യന്‍ പ്രവാസികള്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു, രണ്ടു പേര്‍ മലയാളികള്‍. ജിദ്ദയിലും മദീനയിലുമായി മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ്​, ഉത്തര്‍പ്രദേശ്​ സ്വദേശി ബദര്‍ ആലം, തെലങ്കാന സ്വദേശി അസ്​മത്തുല്ല ഖാന്‍ എന്നിവരാണ് മരിച്ചത്. ണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട്​ സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. നിലവില്‍ സൗദിയില്‍ 184 ഇന്ത്യാക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്​