ജനീവ: കോവിഡ് 19നെ നേരിടാന്‍ ആഗോള തലത്തില്‍ ഐക്യദാര്‍ഢ്യം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അ​േന്‍റാണിയോ ഗുട്ടെറസ്. ഇന്ത്യയെ പോലെ എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം. കൊറോണ കാലത്ത് മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.

ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹമെന്ന് വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ശിപാര്‍ശ ചെയ്യുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഗുടെറസ്.

നിലവില്‍ 55 രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്ക, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം മരുന്നുകള്‍ എത്തിച്ചു. അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ സഹായം നല്‍കി.

ഇതിന് പുറമെ സാംബിയ, ഡൊമനികന്‍ റിപ്പബ്ലിക്, മഡഗാസ്കര്‍, ഉഗാണ്ട, ബുര്‍കിന ഫാസോ, നൈജെര്‍, മാലി, കോംഗോ, ഈജിപ്ത്, അര്‍മേനിയ, കസാഖിസ്താന്‍, ഇക്വഡോര്‍, ജമൈക, സിറിയ, ഉക്രൈന്‍, ഛാഡ്, സിംബാംബ്വെ, ജോര്‍ദാന്‍, കെനിയ, നെതര്‍ലാന്‍ഡ്, നൈജീരിയ, ഒമാന്‍, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്ന് കയറ്റി അയക്കും.