കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്​ ഗള്‍ഫില്‍നിന്ന്​ വന്നയാള്‍ക്ക്​. ഇദ്ദേഹം ഭാര്യയോടൊപ്പം മാര്‍ച്ച്‌ 22ന്​ പുലര്‍ച്ച 3.15നുള്ള എമിറേറ്റ്സ് വിമാനത്തില്‍ (EK564) ദുബൈയില്‍നിന്ന്​ ബംഗളൂരു അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ രാവിലെ 8.30ന്​ എത്തി. തുടര്‍ന്ന്​ എയര്‍പോര്‍ട്ട് അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി.

ഇതിനുശേഷം ഇന്‍ഡിഗോ വിമാനത്തില്‍ (6E.7974) വൈകീട്ട്​ 5.15ന്​ കണ്ണൂര്‍ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ എത്തി. ഇവിടെനിന്ന് എയര്‍പോര്‍ട്ട് ടാക്സി കാറില്‍ കുന്നുമ്മക്കര പയ്യത്തൂരിലെ വീട്ടിലേക്ക് പോയി.

രാത്രി 7.30ഓടെ വീട്ടിലെത്തി ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 14ന് ദുബൈയിലെ സഹപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച വിവരം മനസ്സിലാക്കി ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം വടകര കോവിഡ് കെയര്‍ സ​െന്‍ററില്‍ ആംബുലന്‍സിലെത്തി സാമ്ബിള്‍ നല്‍കി.

ശനിയാഴ്​ച സാമ്ബിള്‍ പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ച ഉടനെ തന്നെ ഇദ്ദേഹത്തെ വൈകീട്ട് 5.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.