ഡല്‍ഹിയില്‍, ആത്മഹത്യാക്കുറിപ്പില്‍ എം.എല്‍.എയുടെ പേരെഴുതി വെച്ച ശേഷം ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗ വിഹാറില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ രാജേന്ദ്ര സിംഗാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ആം ആദ്മി എം.എല്‍.എയായ പ്രകാശ് ജര്‍വാലാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് രാജേന്ദ്രപ്രസാദ് രേഖപ്പെടുത്തിയിരുന്നു.

സ്വസ്ഥമായി ക്ലിനിക്ക് ഉള്ള രാജേന്ദ്ര സിംഗ് കൂടെ തന്നെ വാട്ടര്‍ സപ്ലെ ബിസിനസ്സും ചെയ്തിരുന്നു. ഡോക്ടറുടെ ടാങ്കറുകള്‍ ഡല്‍ഹി ജല വകുപ്പിനു വേണ്ടിയാണ് 2007 മുതല്‍ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ കൈക്കൂലിയായി ഒരു നല്ല തുക തന്നില്ലെങ്കില്‍ ഈ കരാര്‍ റദ്ദ് ചെയ്യുമെന്ന് എം.എല്‍.എ രാജേന്ദ്രസിംഗിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. രാജേന്ദ്ര സിംഗ് പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എ കരാര്‍ റദ്ദ് ചെയ്യുകയും ചെയ്തു.

ഇതോടെ മാനസികമായി തകര്‍ന്ന രാജേന്ദ്ര സിംഗ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് മകന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹി ജല വകുപ്പ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതിന് ഇതേ എംഎല്‍എക്കെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്.