ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 24 മണിക്കൂറിനിടെ 991 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 43 പേര്‍ക്ക് ജീവഹാനി ഉണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 488 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 14792 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12289 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2014 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ കൊവിഡ് കേസുകളില്‍ 4291 പേര്‍ക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 29.8 ശതമാനമാണ് വൈറസ് ബാധയുടെ തോത്. ഈയൊരറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം പടര്‍ന്നത്. തമിഴ്നാട്ടില്‍ 84 ശതമാനം, ഡല്‍ഹിയില്‍ 63 ശതമാനം, തെലങ്കാനയില്‍ 79 ശതമാനം, ഉത്തര്‍പ്രദേശില്‍ 59 ശതമാനം, ആന്ധ്രപ്രദേശില്‍ 61 ശതമാനം എന്ന തരത്തിലാണ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 83 ശതമാനം പേര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.