ദോഹ: കൊവിഡ് ഭീതിയെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്ന 436 ഖത്തര്‍ പൗരന്മാരെ ദോഹയിലെത്തിച്ചു. കഴിഞ്ഞ ദിവസം രണ്ടു ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളിലയാണ് ഇവര്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ദോഹയിലെത്തിയത്. വിനോദസഞ്ചാരം, പഠനം, ചികില്‍സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പോയി ജോര്‍ദാനില്‍ കുടുങ്ങിയവരായിരുന്നു ഇവര്‍.

ഇത്തരത്തില്‍ തിരിച്ചെത്തിയ ഖത്തര്‍ പൗരന്മാരെ പതിനാലു ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെക്കുമെന്നും ദോഹയിലെത്തിയ ഉടന്‍ ഇവരെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് ഇവരെ കൊണ്ടുപോവാനായി പ്രത്യേക ബസ്സുകളും ഏര്‍പ്പെടുത്തിയിരുന്നു.