വയനാട് : വിവിധ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ തിരികെ വരുന്ന സാഹചര്യം ഉണ്ടായാല്‍ താമസിപ്പിക്കുന്നതിന് ആവശ്യമായ കോവിഡ് കെയര്‍ സെന്ററുകള്‍ ജില്ലയില്‍ സജ്ജമാക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

ബാത്ത്‌റൂം സൗകര്യത്തോടു കൂടിയ 1960 മുറികള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം കണ്ടെത്തി കഴിഞ്ഞു. രോഗ വ്യാപനം ഉണ്ടാവുകയാണെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിനായി നേരത്തെ തന്നെ കണ്ടെത്തിവയാണിവ. റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് ഏറ്റെടുത്തിരിക്കുന്നത്.

കൂടുതല്‍ മുറികള്‍ ആവശ്യം വരുന്ന സാഹചര്യത്തില്‍ സൗകര്യ പ്രദമായ വീടുകളും ഉപയോഗപെടുത്തും. ആളൊഴിഞ്ഞ വീടുകളും പ്രവാസികളുടെ വീടുകളുമാണ് ഉപയോഗപെടുത്തുക. വിദേശത്ത് നിന്ന് എത്തുന്ന രണ്ടും മൂന്നും പേരെ വെവ്വേറെ മുറികളിലായി താമസിപ്പിക്കാന്‍ കഴിയുന്ന വീടുകളാണ് കണ്ടെത്തുകയെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ 20 നു ശേഷം നടപ്പാക്കുന്ന ഇളവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ നിബന്ധനകള്‍ പ്രകാരമെ ജില്ലയില്‍ നടപ്പാക്കൂ. തോട്ടം മേഖലയിലെ ജോലിക്ക് സാമുഹിക അകലം നിര്‍ബന്ധിതമായി പാലിക്കണം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് ബോര്‍ഡ് യോഗങ്ങള്‍ കൂടേണ്ടതുണ്ട.് എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോര്‍ കമ്മിറ്റി കൂടി തീരുമാനങ്ങള്‍ സര്‍ക്കുലേറ്റ് ചെയ്ത് അംഗീകാരം വാങ്ങിക്കാവുന്നതാണ്.