തൃശൂര്‍: തൃശ്ശൂര്‍ പഴയന്നൂരില്‍ മനുഷ്യാവകാശകമ്മീഷന്‍ അംഗങ്ങള്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
പട്ടാമ്ബി സ്വദേശി മുസ്തഫ,ഭാര്യ നസീമ എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് പിടികൂടിയത്. ജീപ്പിനുമുന്നില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എന്ന് ബോര്‍ഡ് വെച്ചാണ് ഇരുവരും തട്ടിപ്പിന് ഇറങ്ങിയിരുന്നത്.

പഴയന്നൂരിലെ റംല സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയ ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സമാനമായ പല തട്ടിപ്പുകളും ഇരുവരും ചേര്‍ന്ന് നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. മുള്ളൂര്‍കരയിലെ നിരവധി കടകളില്‍ നിന്ന് പലച്ചരക്കുസാധനങ്ങള്‍ വാങ്ങി പണം കൊടുക്കാതെ മുങ്ങിയിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. ഇരുവര്‍ക്കും മറ്റ് ജോലികളൊന്നുമില്ല. ഇങ്ങനെ തട്ടിപ്പ് നടത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു.