ന്യൂയോര്‍ക്ക്: കൊറോണവൈറസ് അതിരൂക്ഷമായി തന്നെ ലോകത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്നു. രോഗബാധിതര്‍ 12 ലക്ഷം കടന്നു. മരണസംഖ്യ 64,000 കടന്നു. യുഎസില്‍ മാത്രം രോഗബാധിതര്‍ മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. യുഎസില്‍ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ്. ഇതടക്കം ഇവിടെ ആകെ മരണം 8300 ആയി. ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് സ്പെയിന്‍ രണ്ടാമതെത്തി.സ്‌പെയിനില്‍ 1,26,168 ഉം ഇറ്റലിയില്‍ 124,632 ഉം രോഗബാധിതരാണുള്ളത്. ജര്‍മനിയിലും ഫ്രാന്‍സിലും രോഗികള്‍ ഒരു ലക്ഷത്തിനടുത്തേക്കെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ ചൈനയിപ്പോള്‍ ആറാം സ്ഥാനത്തായി.
ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 15,362 ആയി. സ്‌പെയിനില്‍ ഇന്നലെ 809 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ മൊത്തം മരിച്ചവര്‍ 11,947 പേരാണ്. ഫ്രാന്‍സില്‍ മരണസംഖ്യ 7560 ഉം യുകെയില്‍ 4313 ഉം ആയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ജര്‍മനിയില്‍ മരണം 1444 ആണ്. ജോര്‍ജിയയിലും കുവൈത്തിലും ശനിയാഴ്ച കോവിഡ് 19 മൂലമുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെല്ലായിടത്തുമായി മരണം 50 കടന്നു.
ചൈനയില്‍ 24 മണിക്കൂറിനിടെ 30 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് മരണങ്ങളും ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠനപ്രകാരം കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഇറ്റലിയില്‍ പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. ചൈന, ഇറാന്‍, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്.
അതേ സമയം തന്നെ യുഎസ്,ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണുള്ളത്. ഇതില്‍ യുഎസിലാണ് ഏറ്റവും വലിയ കുതിച്ചുകയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.