ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 74 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

74 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 485 ആയി. ഇതില്‍ 422 പേര്‍ക്കും ഒരേ ഉറവിടത്തില്‍നിന്ന് തന്നെയാണ് വൈറസ് ബാധിച്ചതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകെ ഇതുവരെ 2902 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1023 പേരും (30 ശതമാനം) വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. 601പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.