ഹൈദരാബാദ് : മാര്‍ച്ച്‌ പതിനേഴിനാണ് യുകെയില്‍നിന്ന് പണ്ഡ്യാല ഹര്‍ഷ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ്. ആന്ധ്രപ്രദേശിന്റെ കോവിഡ് 19 റെക്കോര്‍ഡില്‍ പേഷ്യന്റ് നമ്ബര്‍ 8 ആയി പണ്ഡ്യാല ഹര്‍ഷയുടെ പേര് ചേര്‍ക്കപ്പെട്ടു. രണ്ടാഴ്ചക്കാലം സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് രോഗവിമുക്തി നേടി പുറത്തേക്കിറങ്ങുകയാണ് പണ്ഡ്യാല.

‘പരിശോധനാഫലം പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ ഞാനല്പം ഭയപ്പെട്ടിരുന്നു. പക്ഷേ, മറികടക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. 14 ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ എനിക്ക് ഉറപ്പിച്ച്‌ പറയാനാകും കോവിഡ് 19 നെ കുറിച്ചോര്‍ത്ത് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്. വൈറസിനെതിരായ പോരാട്ടത്തില്‍ നമുക്ക് വേണ്ടത് കുറച്ച്‌ മാനസിക ധൈര്യമാണ്.’ ആന്ധ്രയില്‍ നിന്ന് രോഗവിമുക്തി നേടിയ രണ്ടാമത്തെ വ്യക്തിയായാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പണ്ഡ്യാല പുറത്തുകടന്നിരിക്കുന്നത്.

ലണ്ടനിലെ കിങ്‌സ് കോളേജില്‍ എംബിഎ വിദ്യാര്‍ഥിയായിരുന്നു പണ്ഡ്യാല. യുകെയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ‘മാര്‍ച്ച്‌ 17നാണ് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്വാറൈന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ യുകെയിലുള്ള സുഹൃത്ത് വിളിച്ച്‌ സുഹൃത്തിന് കോവിഡ് 19 ബാധിച്ചതായി അറിയിച്ചു. അപ്പോഴാണ് ടെസ്റ്റ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചത്. പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ ഭയപ്പെട്ടെങ്കിലും മറികടക്കാന്‍ ആവുമെന്ന വിശ്വാസമുണ്ടായിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെ സമാശ്വസിപ്പിച്ചു.

‘കോവിഡ് 19 എന്നപറയുന്നത് പതിവായി നമുക്ക് വരുന്ന വൈറല്‍ ഇന്‍ഫെക്ഷനല്ല. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തതാണ്. എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. ആശുപത്രിയില്‍ എനിക്കൊപ്പമുണ്ടായിരുന്ന രോഗികളില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇത് കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്ന് കരുതരുത്. എപ്പോഴാണ് നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഇത് തകരാറിലാക്കുകയെന്നും മരണത്തിലേക്ക് നയിക്കുകയെന്നും അറിയില്ല.’

തന്നെ ചികിത്സ ഡോക്ടര്‍മാരോട് എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ലെന്ന് പണ്ഡ്യാല പറയുന്നു. ‘ ഒരിക്കലെങ്കിലും അവരുടെ മുഖമൊന്നും കാണാന്‍ എനിക്ക് ഒരു അവസരം കിട്ടിയിട്ടില്ല. മുഖത്ത് മാസ്‌ക് ധരിച്ച്‌ ശരീരരവും മുഴുവനായി കവര്‍ ചെയ്തല്ലേ അവര്‍ എന്റെ മുറിയില്‍ പ്രവേശിച്ചിരുന്നത്. ചികിത്സിക്കുന്നതിനിടയില്‍ ഞാന്‍ അവരുടെ ശബ്ദം മാത്രമാണ് കേട്ടിട്ടുള്ളത്. ഡോക്ടര്‍മാരും സര്‍ക്കാരും വൈറസിനെതിരായ ഈ പോരാട്ടത്തില്‍ എന്നെ ഒരുപാട് സഹായിച്ചു. ഈ അസുഖവുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് നാണക്കേടാണെന്ന് ചിന്തിക്കരുത്. മറിച്ച്‌ നിങ്ങള്‍ ചുറ്റുമുള്ളവരെ നിങ്ങളില്‍ നിന്ന് അകറ്റി രക്ഷിക്കുകയാണെന്നോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടത്. ചിന്തിച്ച്‌ പ്രവര്‍ത്തിക്കുക. നിങ്ങള്‍ അത് സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നീടൊരവസരം ഉണ്ടായെന്ന് വരില്ല.’ പണ്ഡ്യാല പറയുന്നു