ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മൂലം മരണപ്പെട്ട സഹപ്രവര്‍ത്തകരുടെ ഫോട്ടോകളുമായി പരിഭ്രാന്തരായ സിറ്റി നഴ്സുമാര്‍ മികച്ച സംരക്ഷണ ഉപകരണങ്ങള്‍ക്കായി വെള്ളിയാഴ്ച ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

‘ഇതാ, ഞങ്ങള്‍ ഏറ്റവും ഭയാനകമായ ശത്രുവിനെ നേരിടുകയാണ്. എല്ലാവരേയും കൊല്ലുന്ന ഈ ശത്രുവിനെ നേരിടാന്‍ ഞങ്ങളുടെ കൈയില്‍ ആയുധമില്ല. കൊറോണ വൈറസ് എന്ന ഈ മഹാമാരി ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍ ഞങ്ങള്‍ അതിനെ സധൈര്യം നേരിടുകയാണ്, ആവശ്യമായ സം‌രക്ഷണ കവചമില്ലാതെ,’ വികാരാധീനയായി നഴ്സ് ഡയാന ടോറസ് പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായി ആശുപത്രിക്ക് മുന്‍പില്‍ ഒരു ഡസന്‍ സഹപ്രവര്‍ത്തകരോടൊപ്പമാണ് ഡയാന ടോറസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍മാസ്കുകള്‍, തൊപ്പികള്‍, സം‌രക്ഷണ സ്യൂട്ടുകള്‍ എന്നിവയാണ് അവര്‍ ആവശ്യപ്പെടുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ നഴ്സ് പ്രാക്ടീഷണര്‍ സാഷാ വിന്‍‌സ്‌ലോ പറയുന്നു ‘ഞങ്ങള്‍ ബോഡി ബാഗുകള്‍ ആകാന്‍ തയ്യാറല്ല’ എന്ന്.

ആശുപത്രി ജീവനക്കാര്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് വിന്‍സ്ലോ പറഞ്ഞു. നിലവിലെ അനുപാതം 35 രോഗികള്‍ക്ക് മൂന്ന് നഴ്സുമാരാണ്. 35 പേരില്‍ ഭൂരിഭാഗവും കൊവിഡ്-19 ബാധിച്ചവരാണ്. വൈറസുമായി പോരാടുന്ന വേഗതയ്ക്കനുപാതമായി സ്റ്റാഫിന്റെ കുറവ് സങ്കീര്‍ണ്ണമാണ്.

ആരും അസാധാരണമായ ഒന്നും ആവശ്യപ്പെടുന്നില്ല, ഭയമില്ലാതെ ജോലികള്‍ ചെയ്യാനുള്ള അടിസ്ഥാന കാര്യങ്ങള്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ എന്ന് നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഫാമിലി മെഡിക്കല്‍ ഫിസിഷ്യന്‍ മൈക്ക് പപ്പാസ് പറഞ്ഞു. ഈ മഹാമാരിയുടെ മുന്‍‌നിരയിലുള്ളവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഓരോ ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ റാലിക്ക് അഞ്ച് മണിക്കൂര്‍ മുമ്പ് ആശുപത്രി നേതൃത്വം അവരുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് സാഷാ വിന്‍സ്‌ലോ പറഞ്ഞു. എന്‍95 സംരക്ഷണ മാസ്കുകള്‍ ഉപയോഗിച്ചതിനുശേഷം ബ്രൗണ്‍ ബാഗില്‍ സൂക്ഷിക്കാനും അവ വീണ്ടും ഉപയോഗിക്കാനും ആശുപത്രി അധികൃതര്‍ പറഞ്ഞതായി വിന്‍സ്‌ലൊ പറഞ്ഞു.

ഹാര്‍ലെം ആശുപത്രിയിലും സമാനമായ ഒരു റാലി തിങ്കളാഴ്ച നടന്നിരുന്നു. വളരെ മോശമായ സാഹചര്യത്തിലാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നതെന്ന് റാലിയുടെ സംഘാടകരിലൊരാളായ നഴ്സ് ട്രെ ക്വോണ്‍ പറഞ്ഞു. മറ്റൊരു നഴ്സ് പറഞ്ഞത് ‘മരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുില്ല, ‘ഞങ്ങളുടെ രോഗികളെ ഞങ്ങള്‍ ഭയപ്പെടുന്നു, ‘ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു, ‘ഞങ്ങളുടെ ജീവിതത്തെ ഞങ്ങള്‍ ഭയപ്പെടുന്നു എന്നാണ്.

പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം ലോകമെമ്പാടും കൊല്ലപ്പെട്ട എല്ലാ ആരോഗ്യ സം‌രക്ഷണ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാന്‍ നഴ്സ് നൈല്‍ഡ നിസ്ട്രോം ആവശ്യപ്പെട്ടു.

‘ആരും സുരക്ഷിതരല്ല, ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരായ ഞങ്ങള്‍ ഞങ്ങളുടെ ജനതയെ ബഹുമാനത്തോടും സ്നേഹത്തോടും ദയയോടും കൂടി സേവിക്കുന്നു, വേണ്ടത്ര സംരക്ഷണം ഇല്ലാതെ, ഞങ്ങളില്‍ നിന്ന് വിട്ടുപോയ ധീരരുടെ പട്ടികയില്‍ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് മടിയില്ല,’ മൗണ്ട് സിനായ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.