തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ തുടങ്ങും. കൊവി‍ഡ് ബാധിച്ച്‌ രോഗി മരിച്ച പോത്തന്‍ക്കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. ശശി തരൂര്‍ എം പി 1000 റാപ്പിഡ് കിറ്റുകള്‍ കേരളത്തില്‍ എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

പോത്തന്‍കോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും. രണ്ടര മണിക്കൂര്‍ കൊണ്ട് തന്നെ ഫലം ലഭിക്കും എന്നതാണ് ഈ കിറ്റിന്റെ പ്രത്യേകത. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം. സാമൂഹ്യ വ്യാപനം സംശയിക്കുന്ന പോത്തന്‍കോടില്‍ റാപ്പിഡ് ടെസ്റ്റ് വഴി കാര്യങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കും.

ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്.
2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും. എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി അറിയിച്ചു.