താമരശ്ശേരി: എന്നും വീഡിയോകോളിലൂടെ ഉപ്പച്ചിയോട് സംസാരിക്കുന്ന പൊന്നുമകന്റെയും റബ്ബര്‍ടാപ്പ് തൊഴിലാളിയായിരുന്ന കാലത്ത് കുടുംബത്തെ പോറ്റിയ സ്‌നേഹനിധിയായ ബാപ്പ അലവിഹാജിയുടെയും മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ പക്ഷേ, ജലീലിന് സാധിച്ചില്ല.
യാദൃച്ഛികമായി കഴിഞ്ഞദിവസം ഷാള്‍ കഴുത്തില്‍ക്കുരുങ്ങി മകന്‍ മുഹമ്മദ് ബാസിം മരിച്ചതും ആ കാഴ്ച കണ്ട് കുഴഞ്ഞുവീണ് ഹൃദ്രോഗിയായ വല്ല്യുപ്പ സി.എച്ച്. അലവിഹാജി മരിച്ചതും നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു.
ബുധനാഴ്ച രാവിലെ വീട്ടിലെ മുറിയില്‍ കളിക്കുന്നതിനിടെയാണ് 12 വയസ്സുകാരന്‍ മുഹമ്മദ് ബാസിം കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചത്. ഈ ദുരന്തമുണ്ടായ സമയത്ത് അല്‍ െഎനിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ അല്‍ഹയറിലുള്ള തൊഴിലാളി ക്വാര്‍ട്ടേഴ്സില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബാസിമിന്റെ പിതാവ് അബ്ദുള്‍ ജലീല്‍. ഗള്‍ഫ് സമയം ഒമ്പതരയോടെ മുറിയ്ക്കകത്തെത്തി വിളിച്ചുണര്‍ത്തിയ ഗള്‍ഫിലെ മലയാളി സുഹൃത്തുക്കള്‍ ആണ് ദുരന്തവാര്‍ത്ത അദ്ദേഹത്തെ അറിയിക്കുന്നത്. ബാപ്പയുടെ നില ഗുരുതരമാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പതിയെ വേദനയോടെ രണ്ട് വിയോഗവും അറിയിക്കുകയായിരുന്നു.
തൊഴിലുടമ കനിഞ്ഞെങ്കിലും കൊറോണ രോഗവ്യാപനത്തെത്തുടര്‍ന്നുള്ള ആശങ്കയുടെ പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ജലീലിനും ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഇഖ്ബാലിനും കഴിയാതെ പോയി. മകന്റെയും ബാപ്പയുടെയും അന്ത്യകര്‍മങ്ങള്‍ക്കുപോലും സാക്ഷ്യംവഹിക്കാനാവാത്ത കൊറോണക്കാലത്തെ പഴിച്ച് ക്വാര്‍ട്ടേഴ്സിലെ മുറിക്കുള്ളില്‍ കിടന്ന് വിതുമ്ബലടക്കുകയാണ് ഈ യുവാവ്.
അനാഥമായി ആ 90 രൂപ; നിറവേറ്റാനാവാത്ത വാഗ്ദാനം
”ഞാന്‍ ഓണ്‍ലൈനില്‍ ഒരു മൊബൈല്‍ സ്റ്റാന്‍ഡ് വാങ്ങുവേ… ഫാത്തിമ മൊബൈല്‍ ൈകയില്‍ പിടിച്ച് വീഡിയോ എടുക്കുമ്ബോള്‍ ഷേയ്ക്ക് ആവുന്നു… ന്റെ കൈയില്‍ ഇപ്പോ ഒരു തൊണ്ണൂറു രൂപയുണ്ട്. ബാക്കി ഉപ്പച്ചി തന്നാല്‍ മതി” -ബി ഫോര്‍ ടെക്കി എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പാഴ് വസ്തുക്കളില്‍നിന്ന് പൂവുമുതല്‍ മാസ്‌ക് വരെ നിര്‍മിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ബാസിമിന്റെ അഭ്യര്‍ഥനയായിരുന്നു ഇത്. ”കൊറോണക്കാലം കഴിയട്ടെ, മുഴുവന്‍ തുകയും ഉപ്പച്ചി അയയ്ക്കാം. ആ 90 രൂപ നീ തന്നെ െവച്ചോളൂ” എന്നായിരുന്നു ജലീലിന്റെ മറുപടി. യൂ ട്യൂബ് ചാനലിനായി ഉപ്പച്ചിയുടെ പഴയ ലാപ്ടോപ്പും അവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ രണ്ടു വാഗ്ദാനവും നിറവേറ്റപ്പെടാന്‍ ദുര്‍വിധി അനുവദിച്ചില്ല.
കഴിഞ്ഞ അവധിക്കാലത്ത് ജലീല്‍ ഭാര്യയെയും മക്കളെയും താന്‍ പതിനൊന്ന് വര്‍ഷമായി ജോലിചെയ്യുന്ന യു.എ.ഇ.യിലേക്ക് കൊണ്ടുവന്നിരുന്നു. മൂന്നുമാസത്തിനുശേഷം, ഭാര്യ ഇളയ കുട്ടിയെ പ്രസവിക്കാനായ സമയത്താണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് അബ്ദുള്‍ ജലീല്‍ അല്‍ഐനിലേക്ക് തിരികെയെത്തുകയായിരുന്നു.