ലണ്ടന്‍: കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തുന്ന യു.കെയില്‍ നിന്ന് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന വാര്‍ത്തകളാണ്. ഏറ്റവും ഒടുവിലായി കോവിഡ് 19 വൈറസ് ബാധയേറ്റ രോഗികളെ മുന്‍നിരയില്‍ നിന്ന് ചികിത്സിച്ച് വരികയായിരുന്ന രണ്ട് നഴ്സുമാരുടെ മരണമാണ് പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍.എച്ച്.എസ്) കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 38 വയസുകാരിയായ ഐമീ ഒൗറുര്‍ക്, 36 കാരിയായ അരീമ നസ്രീന്‍ എന്നിവരാണ് രോഗബാധയേറ്റ് മരിച്ചത്.
വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മനോര്‍ ആശുപത്രയിലെ നഴ്സായിരുന്ന അരീമ നസ്രീന് യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു അവര്‍ മരിച്ചത്. മൂന്ന് കുട്ടികളുടെ മാതാവായ അരീമയുടെ സഹോദരി അവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. സഹോദരിയുടെ മരണം വേദനിപ്പിച്ചെന്നും ഇത്തരം സംഭവങ്ങള്‍ എല്ലാവരും ഗൗരവത്തിലെടുത്തിലെടുക്കണമെന്നും സഹോദരി പറഞ്ഞു. മാര്‍ഗേറ്റ് കെന്റിലെ ക്വീന്‍ എലിസബത്ത് ദ ക്വീന്‍ മദര്‍ ആശുപത്രിയിലെ നഴ്സായിരുന്നു ഐമീ ഒൗറുര്‍ക്. മൂന്ന് കുട്ടികളുടെ മാതാവായ അവരുടെ മരണവും വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു.
രോഗബാധയേറ്റ മൂന്നാമത്തെ നഴ്സ് സൗത്എന്ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് മരിച്ച രണ്ട് നഴ്സുമാര്‍ക്കും അനുശോചനം നേര്‍ന്നു. ഇരുവരുടെയും മരണത്തോടെ ബ്രിട്ടനില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാരുടെ എണ്ണം ഏഴായി.