രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെയും കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെയും ജയിലലടക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇത്തരക്കാര്‍ക്ക് ഒന്നോ, രണ്ടോ വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊറോണ രോഗിയുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ജനക്കൂട്ടം ആക്രമിച്ച സാഹചര്യത്തിലാണ്‌ പുതിയ നിര്‍ദ്ദേശം. ഈ സംഭവത്തില്‍ പതിമൂന്ന് പേര്‍ അറസ്റ്റിലായി.

ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് കൈയേറ്റ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച്‌ ഇന്നലെയാണ് ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.