ദുബായ് : യു​എ​ഇ​യി​ല്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാ​ഴാ​ഴ്ച 210 പേ​ര്‍​ക്കു കൂ​ടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു.വെന്നാണ് റിപ്പോര്‍ട്ട്. ഔ​ദ്യോ​ഗി​ക ക​ണ​ക്ക് അനുസരിച്ച്‌ 1024 പേ​ര്‍​ക്കാ​ണ് യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്നത്. അ​സു​ഖം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 96 ആ​യെന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ടായി.

കുവൈറ്റില്‍ കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ​കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ, 14 ഇ​ന്ത്യ​ക്കാ​രിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇ​തോ​ടെ കൊ​വിഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 74ആ​യി ഉയര്‍ന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 342 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ലീ​ബ്, മ​ഹ​ബൂ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പ്ര​ത്യേ​ക​സേ​ന ഏ​റ്റെ​ടു​ത്തു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേര്‍ക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.