വാഷിംഗ്ടണ്‍: ആധുനിക അമേരിക്കൻ ജനതയുടെ ചരിത്രത്തിലെ ദുരിതപൂർണായ രണ്ട് ആഴ്ചകൾ വരാനിരിക്കുന്നതേയുള്ളൂയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കോവിഡ്-19 പടർന്നു പിടിച്ച അമേരിക്കയിൽ വരും ആഴ്ചയിൽ 1,00,000 മുതൽ 2,40,000 വരെ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആദ്യം വളരെ ലാഘവത്തോടെയാണ് ട്രംപ് സമീപിച്ചത്. ഇതിൽനിന്ന് പിന്നോട്ടു പോയ യുഎസ് പ്രസിഡന്റ് സമൂഹ അകലം പാലിക്കാൻ ജനങ്ങളോട് നിർദേശിച്ചു. പത്തുപേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും വർക്ക് ഫ്രം ഹോം രീതി സ്വീകരിക്കണമെന്നും ബാറിലും റസ്റ്ററന്റിലും പോകരുതെന്നും അദ്ദേഹം നിർദേശിച്ചു.
നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടേണ്ടിവരുമെന്നു കൊറോണവൈറസ് കോ-ഓർഡിനേറ്റർ ഡിബ്രോ ബ്രിക്സ് പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡന്റിന്റെ മുഖത്ത് പരിഭ്രാന്തി കണ്ടുതുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.