കേന്ദ്ര സര്‍ക്കാര്‍ കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ഔദ്യോഗികമായി പുറത്തിറക്കി. കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ മൈഗോവ് എന്നൊരു അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ സേതു എന്ന പേരില്‍ കൊറോണ വൈറസ് ട്രാക്കിംഗിന് മാത്രമായി മറ്റൊരു അപ്ലിക്കേഷന്‍ കൂടി പുറത്തിറക്കിയിരിക്കുന്നത്.

ഇലക്‌ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷന്റെ വിവരണമനുസരിച്ച്‌, കോവിഡ്-19 മായി ബന്ധപ്പെട്ട കാര്യങ്ങളും പ്രസക്തമായ ഉപദേശങ്ങളും പൗരന്മാരെ മുന്‍‌കൂട്ടി അറിയിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

കോവിഡ്-19 ട്രാക്കര്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഹിന്ദി, ഇംഗ്ലിഷ് ഉള്‍പ്പെടെ 11 ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ഒപ്പം ആപ്പ് പ്രവര്‍ത്തനത്തിന് ബ്ലൂടൂത്ത്, ലൊക്കേഷന്‍ ആക്സസ് ആവശ്യമാണ്. ആരോഗ്യ സേതു (ഇത് സംസ്കൃതത്തില്‍ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്ന് വിവര്‍ത്തനം ചെയ്യുന്നു) ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. അവര്‍ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ഇന്ത്യയിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ്- 19 പോസിറ്റീവ് കേസുകളുടെ ഡാറ്റാബേസ് പരിശോധിച്ച്‌ നിങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടോ എന്ന് കണ്ടെത്താന്‍ ഈ ആപ്പ് സഹായിക്കും.

ഉപയോക്താവ് കൃത്യമായി എവിടെയാണെന്ന് ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച്‌ കണ്ടെത്തുകയും അയാള്‍ രോഗബാധിതനായ വ്യക്തിയില്‍ നിന്ന് 6 അടി സാമീപ്യത്തിലാണോയെന്ന് അറിയിക്കുകയും ചെയ്യാന്‍ ഈ അപ്ലിക്കേഷന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി, നിങ്ങള്‍ക്ക് രോഗം ഉണ്ടായിരിക്കാനുള്ള സാധ്യതകളെ ഇത് കാണിച്ച്‌ തരും.

ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ആദ്യം അവരുടെ മൊബൈല്‍ നമ്ബറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം, ആപ്ലിക്കേഷന്‍ ഉപയോക്താക്കളോട് അവരുടെ യോഗ്യതാപത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് ഓപ്‌ഷണലാണ്. ആപ്ലിക്കേഷന്റെ സ്വകാര്യതാ നയത്തെക്കുറിച്ച്‌ ആശങ്കയുള്ളവര്‍ക്കായി, ശേഖരിച്ച ഡേറ്റ എന്‍ക്രിപ്റ്റുചെയ്‌തതാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. മാത്രമല്ല ഇത് ഏതെങ്കിലും മൂന്നാം കക്ഷി ടീമുമായി പങ്കിടില്ല.

കൊറോണ വൈറസിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും നിങ്ങള്‍ക്ക് ലക്ഷണങ്ങളുണ്ടോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു ചാറ്റ്ബോട്ടും പുതിയ അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലെയും കൊവിഡുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ലൈന്‍ നമ്ബറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.