ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ യുഎസില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കെ യുഎസിലെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ പ്രതിഷേധ സ്വരങ്ങള്‍. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ശേഷം ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പങ്കിനെക്കുറിച്ച് റിപ്പബ്ലിക്കന്‍ എംപി റിക്ക് സ്കോട്ട് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, ചൈനയ്ക്കു നല്‍കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ചൈനയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചു വെച്ചതായി തുടക്കം മുതല്‍ യുഎസ് ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രതിരോധത്തിനായി യുഎസ് ഫണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സ്കോട്ട് ആരോപിക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറസ് സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്കോട്ട് യുഎസ് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസിനെക്കുറിച്ചുള്ള ‘കമ്മ്യൂണിസ്റ്റ് ചൈനയെ പ്രതിരോധിക്കുന്നതില്‍’ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് ധനസഹായം വെട്ടിക്കുറയ്ക്കണമെന്നും സ്കോട്ട് നിര്‍ദ്ദേശിച്ചു. സെനറ്റര്‍ സ്കോട്ട് മുമ്പ് ചൈനയെക്കുറിച്ചും ലോകാരോഗ്യ സംഘടനയുടെ അടുത്ത ബന്ധത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പൊതുജനാരോഗ്യ വിവരങ്ങള്‍ ലോകത്തിന് നല്‍കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കര്‍ത്തവ്യം. അതിലൂടെ ഓരോ രാജ്യത്തിനും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുതിന് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും എന്ന് സ്കോട്ട് പറഞ്ഞു. കൊറോണ വൈറസ് ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അത് ലോകരാഷ്ട്രങ്ങളെ യഥാവിധി അറിയിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിക്കുന്നു.

ലോകാരോഗ്യ സംഘടന മനഃപ്പൂര്‍‌വ്വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് സ്കോട്ടിന്റെ ആരോപണം. കമ്മ്യൂണിസ്റ്റ് ചൈന അവരുടെ കേസുകളെയും മരണങ്ങളെയും കുറിച്ച് നുണ പറയുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയെക്കുറിച്ച് പൂര്‍ണ്ണമായി അറിയാമെന്നും റിപ്പബ്ലിക്കന്‍ നിയമസഭാംഗം പറഞ്ഞു.

നേരത്തെ വൈറ്റ് വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയുടെ തലവനെ പ്രസിഡന്റ് ട്രം‌പ് നിശിതമായി വിമര്‍ശിക്കുകയും, ലോകാരോഗ്യ സംഘടന ചൈനയെ രക്ഷിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസിന് മുമ്പ് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ലോകാരോഗ്യ സംഘടന അത് മറച്ചുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യസംഘടന ചൈനയെ അനുകൂലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് ട്രം‌പ് പറഞ്ഞു. കോറോണ വൈറസിനെക്കുറിച്ച് ലോകം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍, ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെടുകയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ ആദ്യ കേസ് ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ അമേരിക്ക ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി മാറി. പ്രസിഡന്‍റ് ട്രംപ് കൊറോണ വൈറസിന് ‘ചൈനീസ് വൈറസ്’ എന്ന് പേരിട്ടത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ചൈനീസ് പ്രസിഡന്‍റ് സിന്‍ ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം നിലപാട് മാറ്റി. യുഎസില്‍ കൊറോണ വൈറസ് മൂലം 4043 പേര്‍ മരിക്കുകയും 1.8 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.