തിരുവനന്തുപരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാ‌ര്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം ഇന്നലെ ആരംഭിച്ചു. ആദ്യ ദിനത്തില്‍ 14,​84,​109 റേഷന്‍ കാര്‍ഡുടമകള്‍ക്കായി 21,472 മെട്രിക് ടണ്‍ അരി നല്‍കി.

എ. എ. വൈ, മുന്‍ഗണന വിഭാഗക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന അരിയാണ് സൗജന്യമായി ലഭിച്ചത്. അതില്‍ നീല കാര്‍ഡുകാര്‍ കൈകാര്യ ചെലവായി കിലോഗ്രാമിന് രണ്ടു രൂപ നല്‍കിയിരുന്നത് ഒഴിവാക്കി. സാധാരണ കിട്ടുന്ന വിഹിതത്തിനൊപ്പം സൗജന്യമായി 15 കിലോ അരി കൂടി കിട്ടുമെന്ന ധാരണയില്‍ പലരും വ്യാപാരികളുമായി തര്‍ക്കിച്ചു. കാര്യം വ്യക്തമായി ഗുണഭോക്താക്കളെ അറിയിക്കുന്നതില്‍ അധികൃതര്‍ക്ക് സംഭവിച്ച പാളിച്ചയാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ കാര്‍ഡുടമകള്‍ കൂട്ടമായെത്തിയതും. ചില റേഷന്‍ കടകളില്‍ ആവശ്യത്തിന് സ്റ്റോക്കില്ലാതിരുന്നതും പ്രശ്നങ്ങളുണ്ടാക്കി. കൂട്ടമായെത്തിയവരെ നിയന്ത്രിക്കാന്‍ പലയിടത്തും ആളില്ലായിരുന്നു. ചില പ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ സമൂഹിക അകലം പാലിച്ചു നിന്നു. വൈകിട്ടായപ്പോള്‍ ചില റേഷന്‍ കടകളില്‍ സ്റ്റോക്ക് തീര്‍ന്നു. രാത്രിയോടെ, സ്റ്റോക്കെത്തിക്കാന്‍ ശ്രമം തുടങ്ങി.

മുന്‍ഗണന വിഭാഗക്കാര്‍ക്ക് രാവിലെ മുതല്‍ ഉച്ചവരേയും മറ്റുള്ളഴര്‍ക്ക് ഉച്ചയ്ക്കു ശേഷവുമാണ് സൗജന്യ അരി വിതരണം. അടുത്ത ആഴ്ചയോടെ, റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സൗജന്യ അരി നല്‍കും. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും റേഷന്‍ ലഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.

സൗജന്യ അരി വിതരണം ഇങ്ങനെ

 എ. എ. വൈ (മഞ്ഞ കാര്‍ഡ്)​ വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്ബും.

 മുന്‍ഗണനാവിഭാഗത്തില്‍ (പിങ്ക്)​ ഒരു അംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്ബും

 മുന്‍ഗണനേതര വിഭാഗത്തിലെ സബ്സിഡി വിഭാഗത്തിന് (നീല)​ ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം. ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഒരാള്‍ക്ക് രണ്ടു കിലോ ധാന്യം വീതം.

 മുന്‍ഗണനേതര (വെള്ള)​ കാ‌ര്‍ഡ് ഒന്നിന് 15 കിലോ അരി

 കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20ന് ശേഷം

 വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ.

 വെള്ള, നീല കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ ആട്ട.