ജനീവ: കോവിഡ്-19 മഹാമാരിയില്‍ പുതിയ രോഗികളാകുന്നവരില്‍ മൂന്നിലൊന്ന് അമേരിക്കക്കാര്‍. മറ്റേതു രാജ്യത്തെക്കാളും വളരെ കൂടുതല്‍ പേര് രോഗികളായിട്ടുള്ളതും അമേരിക്കയിലാണ്.
മാര്‍ച്ച് 31 രാവിലെവരെ ലോകത്ത് 7.84 ലക്ഷം പേര് കോവിഡ് ബാധിതരായിരുന്നു. ഇതില്‍ അഞ്ചിലൊന്ന് (1.64 ലക്ഷം) അമേരിക്കക്കാരാണ്. അമേരിക്കയിലെ രോഗബാധയുടെ എണ്ണം സമീപദിവസങ്ങളില്‍ വളരെ വര്‍ധിച്ചു. മാര്‍ച്ച് 30ന് ലോകത്ത് 61,404 പുതിയ രോഗികള്‍ ഉണ്ടായപ്പോള്‍ അമേരിക്കയില്‍ വര്‍ധിച്ചത് 20,353 പേരാണ്. തലേന്നു ലോകത്ത് 58,819 പുതിയ രോഗികള്‍ ഉണ്ടായപ്പോള്‍ അതില്‍ 19,913 അമേരിക്കക്കാരായിരുന്നു.
ആദ്യഘട്ടത്തില്‍ വേണ്ടത്ര വ്യാപകമായി രോഗപരിശോധന നടത്താത്തതാണ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ അമേരിക്കയെയും കുഴപ്പത്തിലാക്കിയതെന്നു നിഗമനമുണ്ട്. രോഗപരിശോധന, ക്വാറന്റൈനിംഗ്, യാത്രാനിയന്ത്രണം എന്നു വൈകിയതു രോഗവ്യാപനം വേഗത്തിലാക്കി.
രോഗികളുടെ സംഖ്യപോലെ മരണസംഖ്യയും അമേരിക്കയില്‍ വര്‍ധിച്ചുവരികയാണ്. മാര്‍ച്ച് 30ന് അവസാനിച്ച നാലു ദിവസത്തെ ശരാശരി മരണസംഖ്യ 450നു മുകളിലാണ്. ഇറ്റലി, സ്പെയിന് തുടങ്ങിയവയുടെ പിന്നിലാണ് ഇക്കാര്യത്തില്‍ അമേരിക്ക. ആഗോള മരണത്തോതു പ്രതിദിനം മൂവായിരത്തിനു മുകളിലാക്കുന്നതിനും അമേരിക്കയിലെ ഉയര്‍ന്ന മരണനിരക്ക് കാരണമായി. ഇറ്റലിയില്‍ കഴിഞ്ഞ അഞ്ചു ദിവസം ശരാശരി മരണസംഖ്യ 818 ആണ്. സ്പെയിനില്‍ 814 ഉം.